പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | മെയ് 27 | ഇരുപത്തി ഏഴാം ദിവസം

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം | മെയ് 27 | ഇരുപത്തി ഏഴാം ദിവസം

“അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും”
(ലൂക്കാ 1:48)

പരിശുദ്ധ അമ്മ — സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ
അനേകം വേദശാസ്ത്രജ്ഞരും വിശുദ്ധരും ഏകകണ്ഠമായി പഠിപ്പിച്ചിരിക്കുന്നതുപോലെ, മിശിഹായുടെ രക്ഷാകര പ്രവര്‍ത്തനങ്ങളില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ പ്രത്യേക പങ്കാളിത്തം വഴിയാണ് നമുക്ക് ദൈവാനുഗ്രഹങ്ങള്‍ സമൃദ്ധമായി ലഭിക്കുന്നത് എന്ന് തിരുസഭ വിശ്വസിക്കുന്നു. പരിശുദ്ധ കന്യക സഹരക്ഷകയായും സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥയായും ആദരിക്കപ്പെടുന്നു. ഈ നിലകളില്‍ മറിയം തിരുസഭയുടെ മാതൃകയും പ്രതീകവുമാണ്.
ദൈവസ്നേഹത്തിലും ദൈവസാന്നിധ്യത്തിലും ഒരാള്‍ എത്ര ആഴത്തില്‍ വളരുന്നുവോ, അതനുസരിച്ചാണ് അവരുടെ മാദ്ധ്യസ്ഥശക്തി പ്രവര്‍ത്തിക്കുന്നത് എന്ന് വിശുദ്ധ തോമസ് അക്വിനാസ് പഠിപ്പിക്കുന്നു. ലോകത്തിന്റെ രക്ഷകനായ ഈശോമിശിഹായുടെ മാതാവായ മറിയം, രക്ഷാകര രഹസ്യത്തില്‍ അതുല്യമായി പങ്കുചേര്‍ന്നു. വരപ്രസാദങ്ങളുടെ ദാതാവിനെ ഗര്‍ഭം ധരിക്കുകയും ലോകത്തിന് നല്‍കുകയും ചെയ്തതുകൊണ്ട്, ഒരു പ്രത്യേക അര്‍ത്ഥത്തില്‍ അവള്‍ മനുഷ്യവര്‍ഗത്തിനാകെ ദൈവകൃപയുടെ വഴിയായി മാറി.

ദൈവദൂതന്‍ മറിയത്തോടു പറഞ്ഞത് ഇപ്രകാരമാണ്:
“മറിയമേ, നീ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ 1:26-38).
ഈ കൃപ മറിയത്തിനുവേണ്ടി മാത്രം അല്ലായിരുന്നു; ലോകമൊട്ടുക്കുമായി ദൈവം നല്‍കിയ രക്ഷയുടെ പ്രത്യാശയായിരുന്നു അത്.
കുരിശിലെ ബലിക്കു മുമ്പായി ഈശോമിശിഹാ നല്‍കിയ അന്തിമ സന്ദേശവും മാതാവിന്റെ ആത്മീയ മാദ്ധ്യസ്ഥത്തെ വെളിപ്പെടുത്തുന്നു. മനുഷ്യര്‍ക്ക് ആത്മീയജീവന്‍ നല്‍കുകയും, അവരെ സംരക്ഷിക്കുകയും, വിശ്വാസത്തില്‍ പരിപോഷിപ്പിക്കുകയും ചെയ്യുന്ന മാതൃസഹജ ദൗത്യം കര്‍ത്താവ് പരിശുദ്ധ അമ്മയ്ക്ക് ഏല്‍പ്പിച്ചു.
വിശുദ്ധ ഗ്രന്ഥത്തിലെ പല സംഭവങ്ങളും ഇതിന് സാക്ഷ്യമാണ്.
സ്നാപക യോഹന്നാന്റെ വിശുദ്ധീകരണം (ലൂക്കാ 1:41-44),
കാനായിലെ കല്യാണവിരുന്നില്‍ നടന്ന ഈശോയുടെ ആദ്യ അത്ഭുതം (യോഹന്നാന്‍ 2:3-8),
അപ്പസ്തോലന്മാര്‍ ദൈവമാതാവിനോടുകൂടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിശുദ്ധാത്മാവ് അവരിലേയ്ക്ക് ഇറങ്ങി വന്ന സംഭവം (നടപടി 1:14) — ഇവയൊക്കെയും പരിശുദ്ധ കന്യകയുടെ ആത്മീയ മാദ്ധ്യസ്ഥത്തെ വ്യക്തമാക്കുന്നവയാണ്.
എഫേസൂസ് സൂനഹദോസില്‍ അലക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം പരിശുദ്ധ അമ്മയെ ഇപ്രകാരം വിശേഷിപ്പിച്ചു:
“ലോകത്തിന്‍റെ അനുഗ്രഹഭണ്ഡാരമായി വണങ്ങപ്പെടേണ്ട ദൈവമാതാവേ, അവിടുന്ന് ഒരിക്കലും അണയാത്ത ദിവ്യദീപമാണ്. കന്യാത്വത്തിന്റെ മഹത്വമാണ്. സത്യവിശ്വാസത്തിന്റെ സംരക്ഷകയാണ്. അവിടുന്ന് വഴി പരിശുദ്ധ ത്രിത്വം മഹത്വപ്പെടുന്നു. ലോകം മുഴുവന്‍ കുരിശിനെ ആദരിക്കുന്നു. അന്ധകാരത്തിലും മരണഭീതിയിലും കഴിയുന്ന മനുഷ്യരെ ദൈവപുത്രന്‍ പ്രകാശിപ്പിക്കുന്നത് മറിയം വഴിയാണ്.”
നമ്മുടെ ജീവിതത്തില്‍ ആത്മീയവും ഭൗതികവുമായ അനേകം ആവശ്യങ്ങള്‍ ഉണ്ടാകും. അവയെല്ലാം പുത്രസഹജമായ വിശ്വാസത്തോടെ പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ സമര്‍പ്പിക്കുമ്പോള്‍, അവള്‍ ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല.

സംഭവം
ഒരിക്കല്‍ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിക്ക് ഒരു ദര്‍ശനം ലഭിച്ചു. അദ്ദേഹവും ആത്മീയ ശിഷ്യരും ഒരു വലിയ സോപാനത്തിന്റെ സമീപത്ത് നില്‍ക്കുകയായിരുന്നു. അതിന്റെ മുകളില്‍ നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ മഹത്വത്തോടെ സിംഹാസനാരൂഢനായി കാണപ്പെട്ടു.
വിശുദ്ധ ഫ്രാന്‍സീസും അനുയായികളും ആ സോപാനത്തിലൂടെ കര്‍ത്താവിന്റെ സന്നിധിയിലെത്തുവാന്‍ ഏറെ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതില്‍ വിജയിക്കാനായില്ല. കുറച്ച് കഴിഞ്ഞ്, അദ്ദേഹം മറ്റൊരു സോപാനം ദര്‍ശിച്ചു. അതിന്റെ മുകളില്‍ പരിശുദ്ധ കന്യകാമറിയം മഹത്വപൂര്‍ണ്ണമായി ഇരിക്കുന്നതായി കണ്ടു.
അപ്പോള്‍ ഒരു സ്വരം അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:
“ഫ്രാന്‍സീസേ, നിന്‍റെ പുത്രന്മാരെ എന്‍റെ അമ്മയുടെ സോപാനത്തിലേക്ക് നയിക്കുക. അതാണ് എന്‍റെ സന്നിധിയിലെത്താനുള്ള ഏറ്റവും സുഗമമായ വഴി.”
“ഈശോയിലേയ്ക്ക് മറിയം വഴി” എന്നത് സഭാപിതാക്കന്മാരുടെ ആത്മീയമന്ത്രമായി മാറിയതും ഇതുകൊണ്ടാണ്. ലൂര്‍ദ്ദ്, ഫാത്തിമ, നിത്യസഹായമാതാവിന്റെ ഭക്തി എന്നിവ ലോകമെമ്പാടും വിശ്വാസികള്‍ക്ക് മാതാവിന്റെ സ്നേഹവും മാദ്ധ്യസ്ഥവും ഓര്‍മ്മപ്പെടുത്തുന്നു. അനേകം ജനങ്ങള്‍ ഇന്നും പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങളാല്‍ ആത്മീയ ചൈതന്യം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

പ്രാര്‍ത്ഥന
ദൈവമാതാവേ, മിശിഹായുടെ ശേഷം സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥയായി അങ്ങ് ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന മഹാനുഗ്രഹമാണ്. ദൈവം തന്റെ കൃപകളുടെ നിക്ഷേപം അങ്ങേയ്ക്ക് ഭരമേല്‍പ്പിച്ചിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്നവര്‍ക്ക്, അങ്ങ് ആഗ്രഹിക്കുന്ന രീതിയില്‍, പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ നല്‍കുന്നു . ഞങ്ങളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമേ. ലോകസമാധാനം, പാപികളുടെ മാനസാന്തരം, ക്രൈസ്തവ ഐക്യം എന്നിവയ്ക്കാവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങളിലേയ്ക്ക് വര്‍ഷിക്കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനോടു നടത്തിയ ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ അഭയം പ്രാപിച്ച്, നിന്‍റെ സഹായം അപേക്ഷിച്ച ഒരാളെയും നീ കൈവിട്ടിട്ടില്ലെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. കന്യകമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകേ, ദയാമയിയായ മാതാവേ, ഈ ഉറച്ച വിശ്വാസത്തോടെ ഞാന്‍ നിന്‍റെ സന്നിധിയില്‍ എത്തുന്നു.
നെടുവീര്‍പ്പുകളോടും കണ്ണുനീര്‍പൊലിയോടും കൂടെ പാപിയായ ഞാന്‍ നിന്‍റെ കരുണ കാത്ത് നില്‍ക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്‍റെ പ്രാര്‍ത്ഥന തള്ളിക്കളയാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേന്‍.

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ, പാപികളുടെ സങ്കേതമേ, ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം പ്രാപിച്ചിരിക്കുന്നു. ഞങ്ങള്‍ക്കുവേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചുകൊള്ളണമേ.
1 സ്വര്‍ഗ്ഗം
1 നന്മ
1 ത്രിത്വം
(മൂന്നു പ്രാവശ്യം ചൊല്ലുക)

സുകൃതജപം
നിത്യസഹായ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.