സംസ്ഥാനത്ത് കനത്ത മഴ തുടരും: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരും: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ഇരട്ട ചക്രവാതച്ചുഴികളാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്.
ജൂണ്‍ ഒന്ന് വരെ കേരളം, മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ ഇടിമിന്നലോടും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റോടും കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

കള്ളക്കടല്‍ പ്രതിഭാസം: തീരദേശങ്ങളില്‍ കനത്ത ജാഗ്രത

കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ 0.8 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി അപ്രതീക്ഷിതമായി ഉയര്‍ന്ന തിരമാലകള്‍ തീരത്തേക്ക് അടിച്ച് കയറാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടുത്ത ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷിത മേഖലകളിലേക്ക് മാറാനും ബോട്ടുകള്‍ സുരക്ഷിതമായി കെട്ടിയിടാനും അധികൃതര്‍ നിര്‍ദേശിച്ചു.

കന്യാകുമാരി തീരത്ത് ശക്തമായ കാറ്റ്

മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കന്യാകുമാരി പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.