ചെന്നൈ: തമിഴ്‌നാട്ടില്‍ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്ര പൂജാരി സസ്‌പെന്‍ഷനില്‍. തിരുച്ചെന്തൂര്‍ മുരുഗന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിനാണ് പൂജാരി അയ്യപ്പന്‍ അയ്യര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങാന്‍ ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു.
മന്ത്രി ആണെന്ന് ബന്ധപ്പെട്ടവര്‍ അറിഞ്ഞിരുന്നില്ല. മന്ത്രിയെ തിരിച്ചറിഞ്ഞതോടെ മാപ്പ് എഴുതി നല്‍കുകയായിരുന്നു. എന്നാല്‍, മന്ത്രി മാപ്പ് നല്‍കിയെന്നതിന്റെ പേരില്‍ വിവാദം ഉയരുകയും പിന്നാലെ പൂജാരിയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
വിഐപി ദര്‍ശനത്തിനായി ഭക്തരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ദേവസ്വം മന്ത്രി എസ്. രമേശ് വേഷം മാറി നേരിട്ടെത്തിയത്. മന്ത്രിയില്‍ നിന്ന് വിഐപി ദര്‍ശനം ക്രമീകരിക്കുന്നതിനായി 4000 രൂപയാണ് വാങ്ങിയത്. പണം കൈയില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ടു. മാസ്‌ക് ധരിച്ചെത്തിയ മുപ്പത്തൊന്നുകാരനായ മന്ത്രിയെ പൂജാരി അടക്കമുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നില്ല.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം അന്നദാനത്തിന് എത്തിയപ്പോഴാണ് മന്ത്രിയെ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതര്‍ മാപ്പ് എഴുതി നല്‍കി. കൈക്കൂലി വാങ്ങാന്‍ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നല്‍കുകയും ചെയ്തു.
എന്നാല്‍ മന്ത്രി മാപ്പ് നല്‍കിയെന്നതിന്റെ പേരില്‍ വിവാദം ഉയര്‍ന്നു. പൂജാരിമാര്‍ അഴിമതി ചെയ്താല്‍ ശിക്ഷ ഇല്ലെന്ന് ഡിഎംകെ ആരോപിച്ചു. പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മാപ്പപേക്ഷ അല്ല വിശദീകരണം ആണ് എഴുതി വാങ്ങിയതെന്ന് രമേശ് വ്യക്തമാക്കി. അച്ചടക്കനടപടിക്ക് ഉചിതമായ നടപടിക്രമം ഉണ്ടെന്നും അതനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിവാദത്തിന് പിന്നാലെയാണ് ക്ഷേത്ര പൂജാരിയെ സസ്‌പെന്‍ഡ് ചെയ്തത്. പൂജാരി അയ്യപ്പന്‍ അയ്യരെ പൂജകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ക്ഷേത്രം ജോയിന്റ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കൈക്കൂലി വാങ്ങാന്‍ ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. തലമുണ്ഡനം ചെയ്യാന്‍ പണം വാങ്ങിയ രണ്ട് പേരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.