മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള അന്തരിച്ചു

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജോസഫ്) ഡെപ്യൂട്ടി ചെയര്‍മാനുമായ ടി.യു കുരുവിള (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ ആയിരുന്നു അന്ത്യം.

സംസ്‌കാരം പിന്നീട് ചേലാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഈമാസമാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനത്തെക്കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.

കോതമംഗലത്തെ ഊഞ്ഞപ്പാറ തോമ്പ്രയില്‍ ടി.ഒ ഉതുപ്പ്-മറിയം ദമ്പതികളുടെ മകനായി 1936 സെപ്റ്റംബര്‍ 13 നാണ് ടി.യു കുരുവിള ജനിച്ചത്. സിവില്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ നേടിയ അദേഹം കൃഷി, വ്യാപാരം, സഭാ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും സജീവമായിരുന്നു.

നീണ്ട 14 വര്‍ഷക്കാലം (1964-1978) കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ട് താഴേത്തട്ടില്‍ നിന്നാണ് അദേഹം രാഷ്ട്രീയ അടിത്തറ പടുത്തുയര്‍ത്തിയത്. പിന്നീട് കോതമംഗലം നഗരസഭാ ചെയര്‍മാനായും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു.

സംസ്ഥാന തലത്തില്‍ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും അദേഹം തിളങ്ങി. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാര്‍ (1982-1987), കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ (1996-2001) എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2006 ല്‍ കോതമംഗലം മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചാണ് ടി.യു കുരുവിള ആദ്യമായി നിയമസഭയിലെത്തുന്നത്. അക്കൊല്ലം നവംബറില്‍ പി.ജെ ജോസഫ് രാജിവെച്ചതിനെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റു.

എന്നാല്‍ രാജകുമാരി ഭൂമിയിടപാട് വിവാദത്തെ തുടര്‍ന്ന് 2007 സെപ്റ്റംബര്‍ രണ്ടിന് അദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. എങ്കിലും പിന്നീട് നടന്ന വിശദമായ പൊലീസ് അന്വേഷണത്തില്‍ കുരുവിളയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ തെളിവില്ലെന്ന് കണ്ടെത്തുകയും കോടതി അദേഹത്തെ പൂര്‍ണമായി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

2011 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും കോതമംഗലത്ത് നിന്ന് മത്സരിച്ച് നിയമസഭാംഗമായി. കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന ട്രഷറര്‍, സെക്രട്ടറി, വൈസ് ചെയര്‍മാന്‍, യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ എന്നി പദവികളും വഹിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിന് പുറമെ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ലേ സെക്രട്ടറിയായും അങ്കമാലി ഭദ്രാസനം ട്രസ്റ്റ് കണ്‍വീനറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അന്തോക്യ പാത്രിയാര്‍ക്കീസ് ബാവ അദേഹത്തിന് ഷെവലിയര്‍, കമാന്‍ഡര്‍, ബാര്‍ എഥോ ഷാറിറോ (സഭയുടെ സത്യപുത്രന്‍) എന്നി പരമോന്നത ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ലണ്ടനിലെ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്.

ഭാര്യ: ചിന്നമ്മ (ഊഞ്ഞാപ്പാറ കല്ലുങ്കല്‍ കുടുംബാംഗം)

മക്കള്‍: റീന, ഡോ. രേണു, റെമി, ഡോ. രേഖ, എല്‍ദോ.

മരുമക്കള്‍: ഡോ. പോള്‍ ജേക്കബ്, പരേതനായ പൗവ്വല്‍സ് കുര്യന്‍, തോമസ് മുത്തൂറ്റ്, പരേതനായ സുദീപ് തോമസ് ജോണ്‍, റിതിക അസറിയ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.