മുംബൈ: രാജ്യത്തെ ജലഗതാഗത രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ട് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് കാന്‍ഡെല പി-12 മുംബൈയില്‍ നീറ്റിലിറക്കി. കേരളത്തിന് സമാനമായ രീതിയില്‍ ഉള്‍നാടന്‍ ജലഗതാഗതം ശക്തമായി
പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാരാണ് ഈ ഹൈടെക് ബോട്ട് യാഥാര്‍ത്ഥ്യമാക്കിയത്. പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബോട്ട് 'പറക്കുന്ന ബോട്ട്' എന്ന പേരിലാണ് അറിയപ്പെടുന്നത്.
മുംബൈയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗേറ്റ്‌വേ ഓഫ് ഇന്ത്യ, അലിബാഗ്, എലിഫന്റാ ഗുഹകള്‍ എന്നിവയ്ക്കിടയില്‍ വേഗതയേറിയതും സുഗമവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ സൗകര്യം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത യാത്രാ ബോട്ടുകള്‍ക്ക് പകരമായി സമയം ലാഭിക്കാന്‍ സഹായിക്കുന്ന സുരക്ഷിതമായ ഒരു ബദല്‍ മാര്‍ഗമാണ് ഇതിലൂടെ യാത്രക്കാര്‍ക്ക് ലഭിക്കുന്നത്.
സ്വീഡിഷ് ഇലക്ട്രിക് ബോട്ട് നിര്‍മാതാക്കളായ കാന്‍ഡെല വികസിപ്പിച്ചെടുത്ത ഈ ബോട്ട് ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് രണ്ട് പ്രധാന റൂട്ടുകളിലേക്കാണ് (അലിബാഗ്, എലിഫന്റാ ഗുഹകള്‍) സര്‍വീസ് നടത്തുക.
എന്താണ് ഹൈഡ്രോഫോയില്‍ സാങ്കേതിക വിദ്യ
നൂതനമായ ഹൈഡ്രോഫോയില്‍ സാങ്കേതിക വിദ്യയാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ബോട്ട് ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ അതിന്റെ അടി ഭാഗത്തുള്ള പ്രത്യേക വിങ്ങുകള്‍ കാരണം ബോട്ട് ജലോപരിതലത്തില്‍ നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങിപ്പറക്കുന്നതുപോലെ സഞ്ചരിക്കും. കൂടാതെ ബോട്ടിന്റെ ഉള്‍ഭാഗം വെള്ള തൊടാതെ ഉയര്‍ന്നു നീങ്ങുന്നതിനാല്‍ ജലഘര്‍ഷണം ഗണ്യമായി കുറയുന്നു.
പരമ്പരാഗത ബോട്ടുകളില്‍ ഉണ്ടാകാറുള്ള ശക്തമായ കുലുക്കങ്ങളോ തിരമാലകളുടെ ആഘാതമോ യാത്രക്കാരെ ബാധിക്കില്ല. തിരമാലകള്‍ക്ക് മുകളിലൂടെ സുഖകരമായി തെന്നി നീങ്ങുന്ന യാത്രയാണ് ഇത് സമ്മാനിക്കുന്നത്.
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍ഡെല പി-12 പുകയോ മറ്റ് മലിനീകരണങ്ങളോ ഉണ്ടാക്കുന്നില്ല. കായലുകളിലെയും കടലിലെയും ആവാസ വ്യവസ്ഥയ്ക്ക് ദോഷം വരുത്താത്ത രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇന്ത്യയുടെ ഹരിത ഊര്‍ജ ലക്ഷ്യങ്ങളിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കുമുള്ള ഒരു വലിയ ചുവടുവെപ്പായി ഈ സംരംഭം വിലയിരുത്തപ്പെടുന്നു.
കാന്‍ഡെല പി 12 മുംബൈയില്‍ എത്തിച്ചെങ്കിലും പൊതുജനങ്ങള്‍ക്കായുള്ള ഔദ്യോഗിക സര്‍വീസ് എന്ന് മുതല്‍ ആരംഭിക്കുമെന്ന തിയതി അധികൃതര്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൃത്യമായ അറിയിപ്പ് ഉണ്ടാകുമെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.