ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണായകമായ ഇടക്കാല വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്. കരാറുമായി ബന്ധപ്പെട്ട 99 ശതമാനം ചര്‍ച്ചകളും പൂര്‍ത്തിയായെന്നും വരും ആഴ്ചകളില്‍ ഇരു രാജ്യങ്ങളും ഇതില്‍ ഒപ്പുവെക്കുമെന്നും ഇന്ത്യയിലെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി.
ഡല്‍ഹി ഐഐടിയില്‍ സംഘടിപ്പിച്ച യുഎസ്-ഇന്ത്യ ട്രസ്റ്റ് ഇനിഷ്യേറ്റീവ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കരാറിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കന്‍ ചീഫ് ട്രേഡ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ ഇന്ത്യ സന്ദര്‍ശിക്കും. കഴിഞ്ഞ ഏപ്രിലില്‍ വാഷിങ്ടണില്‍ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്.
ഇരു രാജ്യങ്ങളിലെയും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി ഉറപ്പാക്കുക. കസ്റ്റംസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും താരിഫ് ഇതര തടസങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപവും സാമ്പത്തിക സുരക്ഷയും ദൃഢമാക്കുക. തുടങ്ങിയ മേഖലകള്‍ക്കാണ് ചര്‍ച്ചകളില്‍ മുന്‍ഗണന നല്‍കുന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കും വലിയ അവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലാണ് വ്യാപാര നയങ്ങള്‍ രൂപീകരിക്കുന്നത്. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 20 ബില്യണ്‍ ഡോളറില്‍ നിന്ന് 220 ബില്യണ്‍ ഡോളറിലേക്ക് വളര്‍ന്നു കഴിഞ്ഞു. ട്രംപ് ഭരണകൂടത്തെ സംബന്ധിച്ച് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട ആഗോള പങ്കാളിയാണെന്നും സെര്‍ജിയോ ഗോര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ വ്യാപാരം, അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ്, ബഹിരാകാശം, ഊര്‍ജം തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് ട്രംപും ചേര്‍ന്ന് ഈ വര്‍ഷം തുടക്കം കുറിച്ച ട്രസ്റ്റ് പദ്ധതി വഴി തന്ത്രപ്രധാന സാങ്കേതിക വിദ്യകളില്‍ പങ്കാളിത്തം ശക്തമാക്കും. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള അത്യാധുനിക എഐ ചിപ്പുകളുടെ കൈമാറ്റം യു.എസ് വാണിജ്യ വകുപ്പ് പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ വിശ്വസനീയമായ സാങ്കേതിക ആവാസ വ്യവസ്ഥ ലക്ഷ്യമിട്ടുള്ള യു.എസ് നേതൃത്വത്തിലുള്ള പാക്‌സ് സിലിക്ക കൂട്ടായ്മയിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയുടെ ആരോഗ്യ മേഖലയില്‍ ഇന്ത്യക്കുള്ള സ്വാധീനവും അംബാസഡര്‍ ചൂണ്ടിക്കാട്ടി. യു.എസിന് ആവശ്യമായ ജനറ്റിക് മരുന്നുകളുടെ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അടുത്ത വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഔഷധ മേഖലയില്‍ ഉള്‍പ്പെടെ ഏകദേശം 20.5 ബില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപ വാഗ്ദാനങ്ങളാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതില്‍ 19 ബില്യണ്‍ ഡോളറും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലാണ്.
ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയുടെ പ്രാദേശിക സ്വാധീനത്തെ പ്രതിരോധിക്കാനുള്ള ശക്തമായൊരു സാമ്പത്തിക കൂട്ടായ്മയായി ഇന്ത്യ-യു.എസ് ബന്ധം മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.