വീണ്ടും ലോഗിന്‍ പ്രശ്‌നങ്ങള്‍; സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലിലെ പ്രതിസന്ധി തുടരുന്നു

വീണ്ടും  ലോഗിന്‍ പ്രശ്‌നങ്ങള്‍; സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലിലെ പ്രതിസന്ധി തുടരുന്നു

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയത്തിനും വെരിഫിക്കേഷനുമുള്ള പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായതിന് തൊട്ടു പിന്നാലെ വീണ്ടും പ്രശ്‌നങ്ങള്‍.

ലോഗിന്‍ വിവരങ്ങളെല്ലാം നല്‍കിയതിന് ശേഷം ഭൂരിഭാഗം പേരുടെയും കമ്പ്യൂട്ടര്‍/മൊബൈല്‍ സ്‌ക്രീന്‍ നിശ്ചലമാവുകയായിരുന്നു. ചില വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റില്‍ നേരിട്ട ഈ സാങ്കേതിക തകരാറുകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

പോര്‍ട്ടല്‍ ജൂണ്‍ ഒന്നു മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് സിബിഎസ്ഇ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കുകയും പലതവണ മാറ്റിവെക്കുകയും ചെയ്തതിന് ശേഷമാണ് ഈ പുതിയ സംഭവ വികാസം. പോര്‍ട്ടല്‍ പ്രവര്‍ത്തന ക്ഷമമെന്ന് ഇന്നലെ സിബിഎസ്ഇ ബോര്‍ഡ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇന്ന് പ്ലാറ്റ്ഫോം ആക്സസ് ചെയ്യാന്‍ തുടങ്ങിയതിന് തൊട്ടു പിന്നാലെ നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നത്.

പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചതു മുതല്‍ പുനര്‍ മൂല്യനിര്‍ണയ പ്രക്രിയ സൂക്ഷ്മ പരിശോധനയിലാണ്. പേയ്മെന്റ് ഗേറ്റ്വേ പരാജയങ്ങള്‍, അമിതമായി പണം ഈടാക്കല്‍, രസീതുകള്‍ ലഭിക്കാത്തത്, ലോഗിന്‍ പ്രശ്നങ്ങള്‍, സ്‌കാന്‍ ചെയ്ത ഉത്തരക്കടലാസുകള്‍ ആക്സസ് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ എന്നിവ വിദ്യാര്‍ഥികളും രക്ഷിതാക്കളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉത്തരക്കടലാസുകളുടെ പകര്‍പ്പുകള്‍ മങ്ങിയതാണെന്നും അപൂര്‍ണമാണെന്നും അല്ലെങ്കില്‍ അവരുടെ യഥാര്‍ത്ഥ ഉത്തരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ചില വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. കോളജുകളിലേക്കുള്ള പ്രവേശനത്തിന് മുന്‍പായി മാര്‍ക്ക് മെച്ചപ്പെടുത്താമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികളില്‍ ഈ താമസം ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടും പോര്‍ട്ടല്‍ ആവര്‍ത്തിച്ച് തടസപ്പെടുന്നതിനാല്‍ സാങ്കേതിക തടസങ്ങളില്ലാതെ തങ്ങള്‍ക്ക് എപ്പോള്‍ വെരിഫിക്കേഷന്‍, പുനര്‍മൂല്യനിര്‍ണയ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.