പുനര്‍ മൂല്യനിര്‍ണയ വിവാദം: സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി; ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു

പുനര്‍ മൂല്യനിര്‍ണയ വിവാദം: സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി; ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയത്തിലെ വ്യാപക പരാതിയെ തുടര്‍ന്ന് സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി. ചെയര്‍മാന്‍ രാഹുല്‍ സിങ്, സെക്രട്ടറി ഹിമാന്‍ഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്.

പ്രധാനന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശപ്രകാരം ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങില്‍ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ഇതിനായി അന്വേഷണ സമിതിയും നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

പോര്‍ട്ടല്‍ ഭാഗികമായി പ്രവര്‍ത്തന സജ്ജമായതോടെ കഴിഞ്ഞ പത്ത് മണിക്കൂറില്‍ പതിനാറായിരത്തോളം പേരാണ് പുനര്‍ മൂല്യനിര്‍ണയത്തിനായി അപേക്ഷിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. ഈ മാസം ആറ് വരെ പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാം.

പുതിയ പോര്‍ട്ടലിനെതിരെ സൈബര്‍ ആക്രമണ ശ്രമം ഉണ്ടായതായും പ്രതിരോധിച്ചതായും സിബിഎസ്ഇ വ്യക്തമാക്കി. അതിനിടെ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങിന് വിവാദ കമ്പനിയായ കോംപ്റ്റിന് കരാര്‍ നല്‍കാന്‍ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതിന്റെ രേഖകളും പുറത്ത് വന്നു.

ടെന്‍ഡറിന്റെ വിശദാംശങ്ങളില്‍ കൃത്യമായ പരിശോധന നടത്താന്‍ പ്രധാനമന്ത്രി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ നല്‍കുന്ന റിപ്പോര്‍ട്ട് പഠിച്ച ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണോയെന്ന് തീരുമാനിക്കും.

രണ്ടാഴച്ചയോളം വിദ്യാര്‍ഥികളെ വലച്ചതിന് ശേഷമാണ് പുനര്‍ മൂല്യനിര്‍ണയത്തിനുള്ള സിബിഎസ്ഇ വെബ്‌സെറ്റ് ഇന്ന് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നലെ തുടങ്ങുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ആദ്യ ഘട്ടത്തിലുണ്ടായിരുന്നു ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും നിലവില്‍ പ്രവര്‍ത്തനം സുഗമമാണെന്നും ബോര്‍ഡ് അവകാശപ്പെട്ടു. പോര്‍ട്ടല്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സഹായം ഇന്നലെ സര്‍ക്കാര്‍ തേടിയിരുന്നു. അപേക്ഷ എങ്ങനെ നല്‍കാം എന്നത് വിശദീകരിക്കുന്ന വിഡിയോയും സിബിഎസ്ഇ തയ്യാറാക്കി. ഡെസ്‌ക്ടോപിലോ ലാപ്‌ടോപിലോ തന്നെ പോര്‍ട്ടല്‍ തുറക്കണമെന്നും അധികൃതര്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.