ആഫ്രിക്കയില്‍ എബോള ഭീതി: യാത്രാ മുന്‍കരുതലുമായി യുഎഇ; വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം

ആഫ്രിക്കയില്‍ എബോള ഭീതി: യാത്രാ മുന്‍കരുതലുമായി യുഎഇ; വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം

ദുബായ്: കോംഗോ ഉള്‍പ്പെടെയുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള രോഗബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി കടുത്ത ജാഗ്രതാ നിര്‍ദേശങ്ങളുമായി യുഎഇ ആരോഗ്യ അധികൃതര്‍. രോഗ വ്യാപനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി പടരുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പാണ് രാജ്യം നല്‍കിയിട്ടുള്ളത്.

യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും ആരോഗ്യ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് പൊതുജനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിലവില്‍ യുഎഇയിലെ പൊതുജനാരോഗ്യ സാഹചര്യം പൂര്‍ണമായും സുരക്ഷിതവും നിയന്ത്രണ വിധേയവുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുന്‍കരുതലിന്റെ ഭാഗമായി, എബോള ബാധിത പ്രദേശങ്ങളായ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാന്‍ എന്നി മൂന്ന് രാജ്യങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ മന്ത്രാലയം സ്വദേശികളോടും പ്രവാസികളോടും കര്‍ശനമായി നിര്‍ദേശിച്ചു. ഈ രാജ്യങ്ങളില്‍ നിലവിലുള്ള യുഎഇ പൗരന്മാര്‍ പ്രാദേശിക ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി ത്വാജുദി സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ പ്രധാന അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലെ മെഡിക്കല്‍ പരിശോധനകള്‍, ആശുപത്രികളിലെ പ്രത്യേക ഐസൊലേഷന്‍ സജ്ജീകരണങ്ങള്‍, കൃത്യമായ രോഗ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയെല്ലാം രാജ്യം വിപുലമായ രീതിയില്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ രംഗത്തുണ്ടാകുന്ന ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജമായ അതിവേഗ റെസ്പോണ്‍സ് ടീമുകള്‍ രാജ്യത്ത് 24 മണിക്കൂറും സജീവമാണെന്ന് എന്‍സിഇഎംഎ അറിയിച്ചു.

കൂടാതെ സമൂഹ മാധ്യമങ്ങളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, എബോളയെക്കുറിച്ച് പ്രചരിക്കുന്ന അഞ്ച് പ്രധാന വ്യാജ വാര്‍ത്തകളും അതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകളും ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പങ്കുവെച്ചു.

എബോള വായുവിലൂടെ പകരില്ല. രോഗബാധിതനായ ഒരാളുടെ രക്തം, തുപ്പല്‍ തുടങ്ങിയ ശരീര സ്രവങ്ങളുമായോ അവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവയുമായോ നേരിട്ട് സമ്പര്‍ക്കമുണ്ടായാല്‍ മാത്രമേ വൈറസ് പകരുകയുള്ളൂ. വിമാനയാത്ര ചെയ്യുന്ന ആര്‍ക്കും രോഗബാധയുണ്ടാകാം എന്നത് വ്യാജമാണ്. ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത സാധാരണ യാത്രികര്‍ക്ക് എബോള പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്.

അതേപോലെ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ രോഗം പകരും എന്നതും തെറ്റായ പ്രചാരണമാണ്. പനി, തലവേദന തുടങ്ങിയ പ്രകടമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നത് വരെ സാധാരണഗതിയില്‍ വൈറസ് മറ്റൊരാളിലേക്ക് പകരില്ല. ലോക ചരിത്രത്തില്‍ ഇന്നേവരെ ഒരു എബോള വ്യാപനവും ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടില്ല. അത് പ്രാദേശികമായി മാത്രം പടരുന്ന ഒന്നാണ്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ വിമാനത്താവളങ്ങളിലും ആശുപത്രികളിലും അത്യാധുനിക സജ്ജീകരണങ്ങള്‍ യു.എ.ഇ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം പൊതുജനാരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ അതിവേഗം പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിശ്വസനീയമല്ലാത്ത പേജുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകള്‍ മാത്രം ആശ്രയിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.