ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്ര നടത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആശ്വാസമായി ജര്‍മ്മനിയുടെ നിര്‍ണായക പ്രഖ്യാപനം. ജര്‍മ്മന്‍ വിമാനത്താവളങ്ങള്‍ വഴി മറ്റ് ഷെങ്കന്‍ ഇതര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസിയാണ് ചൊവ്വാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
പുതിയ തീരുമാനം ജൂണ്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയുമായുള്ള സമ്പര്‍ക്കം സുഗമമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും ഈ തീരുമാനം കാരണമാകുമെന്ന് ജര്‍മ്മന്‍ എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.
യാത്രാ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനും ഇന്ത്യയുമായുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനുമുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഈ വര്‍ഷം ജനുവരിയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ചാന്‍സലര്‍ പദവി ഏറ്റെടുത്ത ശേഷമുള്ള അദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനവും ആദ്യ ഏഷ്യന്‍ പര്യടനവുമായിരുന്നു അത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ട്രാന്‍സിറ്റ് വിസ ഒഴിവാക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ജര്‍മ്മനിയുടെ ഫെഡറല്‍ ലോ ഗസറ്റില്‍ ജൂണ്‍ രണ്ടിന് ഇത് സംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചു.
ഇതുവരെ ജര്‍മ്മനിയിലെ വിമാനത്താവളങ്ങള്‍ വഴി യു.എസ്, യു.കെ, കാനഡ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്ക് കണക്റ്റിങ് ഫ്‌ളൈറ്റുകളില്‍ പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിന് പുറത്തിറങ്ങിയില്ലെങ്കില്‍ പോലും പ്രത്യേക എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ എടുക്കേണ്ട നിബന്ധനയുണ്ടായിരുന്നു. പുതിയ നിയമം വരുന്നതോടെ ഈ ബുദ്ധിമുട്ട് പൂര്‍ണമായും ഒഴിവാകും. യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയതും ഇന്ത്യക്കാര്‍ ധാരാളമായി ആശ്രയിക്കുന്നതുമായ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് തുടങ്ങിയ ജര്‍മ്മന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഇളവ് വലിയ അനുഗ്രഹമാകും.
വിമാനത്താവളത്തിലെ അന്താരാഷ്ട്ര ട്രാന്‍സിറ്റ് സോണില്‍ മാത്രം തുടരുകയും മറ്റ് ഷെങ്കന്‍ ഇതര രാജ്യങ്ങളിലേക്ക് കണക്റ്റിങ് ഫ്‌ലൈറ്റ് ഉള്ളവര്‍ക്കുമാണ് ഈ ഇളവ്. അടുത്തിടെ സമാനമായ രീതിയില്‍ ഫ്രാന്‍സും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ഒഴിവാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജര്‍മ്മനിയും ഈ പദവി ഇന്ത്യക്ക് നല്‍കുന്നത്.
എന്നാല്‍ വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങേണ്ടി വരികയോ, ലേഓവര്‍ സമയത്ത് ജര്‍മ്മനിയില്‍ പ്രവേശിക്കേണ്ടി വരികയോ ചെയ്താല്‍ നിലവിലുള്ള റെഗുലര്‍ ഷെങ്കന്‍ വിസ ആവശ്യമായിരിക്കുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.