കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഇന്ത്യ; ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി കുവൈറ്റ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഇന്ത്യ; ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി1 ടെര്‍മിനലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ജനവാസ മേഖലകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ നിന്ന് എല്ലാ കക്ഷികളും പിന്തിരിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി വഴി ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈനായ ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ കുവൈറ്റിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാനങ്ങള്‍ മറ്റ് ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

സംഭവത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈറ്റ് സര്‍ക്കാര്‍ രംഗത്തെത്തി. കുവൈറ്റിലെ ഇറാനിയന്‍ എംബസിയിലെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പെര്‍സോണ നോണ്‍ ഗ്രാറ്റ ആയി പ്രഖ്യാപിച്ച വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറിനകം രാജ്യം വിടാന്‍ നിര്‍ദേശിച്ചു. എംബസിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും കുവൈറ്റ് മുന്നറിയിപ്പ് നല്‍കി.

കുവൈറ്റ് വ്യോമ പരിധിയിലേക്ക് ഇറാന്‍ തൊടുത്തുവിട്ട 30 ബാലസിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കാന്‍ കുവൈറ്റ് സൈന്യത്തിന് സാധിച്ചെങ്കിലും, ഇവയുടെ അവശിഷ്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലും വിമാനത്താവള പരിസരത്തും പതിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ രാജ്യത്തുടനീളം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിലെ ഖഷാം ദ്വീപിലുള്ള ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം. തങ്ങള്‍ക്കെതിരായ സൈനിക നടപടികള്‍ക്ക് അമേരിക്കയ്ക്ക് മണ്ണും വ്യോമപാതയും ഒരുക്കി നല്‍കിയത് കുവൈറ്റും ബഹ്‌റിനുമാണെന്ന് ഇറാന്‍ ആരോപിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ കുവൈറ്റ് തങ്ങളുടെ ഭൂപ്രദേശങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.