ന്യൂഡല്‍ഹി: ജൂണ്‍ 18 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക എഐസിസി പ്രഖ്യാപിച്ചു. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മല്‍സരിക്കും. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ജാര്‍ഖണ്ഡ് എന്നി അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് വ്യാഴാഴ്ച കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.
കര്‍ണാടകയില്‍ ഒഴിവ് വരുന്ന നാല് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഖാര്‍ഗെയ്ക്ക് പുറമെ എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍, പാര്‍ട്ടിയുടെ ദേശീയ വക്താവ് പവന്‍ ഖേര എന്നിവരെയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ നിന്ന് കളത്തിലിറക്കുന്നത്. നിലവിലെ അംഗങ്ങളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നാരായണ കൊരഗപ്പ, ഈരണ്ണ കദാഡി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എന്നിവരുടെ കാലാവധി ജൂണ്‍ 25 ന് അവസാനിക്കും.
തമിഴ്നാട്ടിലെ ഏക രാജ്യസഭാ സീറ്റിലേക്ക് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം തങ്ങള്‍ക്ക് ലഭിച്ച ഈ സീറ്റ് കോണ്‍ഗ്രസിന് വെച്ചുമാറുകയായിരുന്നു. എഐഎഡിഎംകെ നേതാവ് സി.വി ഷണ്‍മുഖം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്-ടിവികെ സഖ്യത്തിനായി ശക്തമായി വാദിച്ച നേതാവാണ് പ്രവീണ്‍ ചക്രവര്‍ത്തി.
മധ്യപ്രദേശില്‍ നിന്ന് തെലങ്കാനയുടെ എഐസിസി ഇന്‍ ചാര്‍ജ് ആയ മീനാക്ഷി നടരാജനെയും രാജസ്ഥാനില്‍ നിന്ന് നീരജ് ദാങ്കിയെയും കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി ആകെ 27 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്ത് സംസ്ഥാനങ്ങളിലെ 24 ഒഴിവുകളിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പും, മഹാരാഷ്ട്ര, തമിഴ്നാട്, ഒഡീഷ എന്നി സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഉള്‍പ്പെടെയാണ് 27 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് ജൂണ്‍ ഒന്നിന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. ജൂണ്‍ എട്ടിന് വൈകുന്നേരം മൂന്ന് വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. തുടര്‍ന്ന് ഒന്‍പതിന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ജൂണ്‍ 11 ആണ്. 18 ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ് നടക്കുക. അന്ന് വൈകുന്നേരം അഞ്ച് മുതല്‍ വോട്ടെണ്ണലും തുടര്‍ന്ന് ഫല പ്രഖ്യാപനവും ഉണ്ടാകും.
ഇതോടൊപ്പം തന്നെ വിവിധ സംസ്ഥാനങ്ങളിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. ബിഹാര്‍ സംസ്ഥാന നിയമ നിര്‍മാണ കൗണ്‍സിലിലെ ഒന്‍പത് സീറ്റുകളിലേക്ക് ദ്വിവത്സര തിരഞ്ഞെടുപ്പും ഒരു സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പും ഈ ദിവസം നടക്കും. കൂടാതെ കര്‍ണാടക കൗണ്‍സിലിലെ ഏഴ് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ജൂണ്‍ 18 ന് തന്നെയായിരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.