മണിപ്പൂരില്‍ വീണ്ടും അക്രമം: കാങ്‌പോക്പിയില്‍ മൂന്ന് മരണം; നിരവധി വീടുകള്‍ തീയിട്ട് നശിപ്പിച്ചു

മണിപ്പൂരില്‍ വീണ്ടും അക്രമം: കാങ്‌പോക്പിയില്‍ മൂന്ന് മരണം; നിരവധി വീടുകള്‍ തീയിട്ട് നശിപ്പിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. കാങ്‌പോക്പി ജില്ലയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ന്യൂ കെയ്തല്‍മാന്‍ബി പ്രദേശത്തുള്ള ലോയ്ബോള്‍ ഖുള്ളന്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ 4:30 ഓടെ വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്.

ഗ്രാമവാസികളായ ലെത്ഖോംഗം ഹാക്കിപ്പ്, ഭാര്യ ടിന്‍മേരി ഹാക്കിപ്പ്, മകന്‍ ജങ്മിന്‍ലാല്‍ ഹാക്കിപ്പ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമത്തില്‍ കുക്കി സമുദായത്തിലെ നിരവധി വീടുകള്‍ക്ക് തീയിട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

എന്നാല്‍ ഏറ്റുമുട്ടലിന്റെ സാഹചര്യമോ ഏതെല്ലാം ഗ്രൂപ്പുകള്‍ തമ്മിലാണ് സംഘര്‍ഷം എന്ന കാര്യമോ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഏഴ് വീടുകള്‍ തകര്‍ന്നതായും സാധാരണക്കാരുടെ സ്വത്തുക്കള്‍ക്ക് വ്യാപക നാശനഷ്ടമുണ്ടായതായും സംസ്ഥാനത്തെ കുക്കി ഇന്‍പി മണിപ്പൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം-ഇസാക് മുയിവയിലെയും സെലിയാന്‍ഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ ഒരു വിഭാഗത്തിലെയും സായുധ കേഡറുകളാണ് ആക്രമണത്തിന് പിന്നിലെന്ന് കുക്കി ഇന്‍പി മണിപ്പൂര്‍ ആരോപിച്ചു. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്ന് ആരോപിച്ച സംഘടന കൊലപാതകങ്ങളില്‍ ശക്തമായി അപലപിക്കുകയും ചെയ്തു.

ആക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ സൈനികര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളില്‍ സുരക്ഷാ ജാഗ്രത വര്‍ധിപ്പിച്ചു.

2023 മുതല്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ സമാധാനം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസങ്ങളിലും കാങ്‌പോക്പി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇടക്കിടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമാധാനവും നിയമവാഴ്ചയും ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. 2023ല്‍ കലാപം പൊട്ടിപുറപ്പെട്ടതിന് ശേഷം മുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും അറുപതിനായിരത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.