കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലര വയസുകാരി മരണപ്പെട്ടു. അണ്ടിക്കോട് വള്ളില്‍കടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകള്‍ നിളയാണ് ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
എംഐഎല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ് നിള. മാതാവ് പ്രിന്‍സി മേരി, സഹോദരന്‍ മിലന്‍.
കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സയിലായിരുന്നു.
ഇതിനുപുറമേ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രണ്ട് കുട്ടികള്‍ക്ക് കൂടി നിലവില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പന്തീരാങ്കാവ് സ്വദേശിയായ രണ്ട് വയസുകാരനും പുറമേരി സ്വദേശിയായ പത്ത് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് ഇവര്‍ക്ക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നിലവില്‍ കുട്ടികള്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
ഷിഗെല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ മനുഷ്യന്റെ കുടലിനെ ബാധിക്കുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. സാധാരണ വയറിളക്കത്തേക്കാള്‍ ഏറെ ഗുരുതരമാണിത്. കടുത്ത വയറിളക്കം, ഉയര്‍ന്ന പനി, കഠിനമായ വയറുവേദന, ഛര്‍ദ്ദി, അമിതമായ ക്ഷീണം, മലത്തോടൊപ്പം രക്തമോ കഫമോ കലര്‍ന്നു പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.