രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യാ മുന്നണിയുടെ ഔദ്യോഗിക യോഗം ചേരുന്നത്.
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ഡിഎംകെ പങ്കെടുക്കില്ല. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ടിവികെയുമായി സഖ്യമുണ്ടാക്കിയതിനാല്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന മുന്നണി യോഗത്തിന്റെ ഭാഗമാകാനില്ലെന്ന് ഡിഎംകെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
യോഗത്തില്‍ 23 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സഖ്യത്തില്‍ യാതൊരുവിധ ഭിന്നതകളുമില്ലെന്നും യോഗത്തില്‍ നിന്ന് ഡിഎംകെ വിട്ടുനില്‍ക്കുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കില്ലെന്നും അദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ശിവസേന (യു.ബി.ടി) തലവന്‍ ഉദ്ധവ് താക്കറെ, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.
യോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്ന് സിപിഎം വ്യക്തമാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോ പി.ബി അംഗങ്ങളോ നാളത്തെ യോഗത്തില്‍ പങ്കെടുക്കില്ല. പകരം ജോണ്‍ ബ്രിട്ടാസ് എംപിയാകും സിപിഎം പ്രതിനിധിയായി എത്തുക.
യോഗത്തില്‍ പങ്കെടുക്കുമെങ്കിലും ജെഎംഎമ്മും നീരസത്തിനാണ്. ജാര്‍ഖണ്ഡില്‍ രാജ്യസഭ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് കാരണം. ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ജെഎംഎമ്മും തീരുമാനിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യാ മുന്നണിയുടെ ഔദ്യോഗിക യോഗം ചേരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് 2024 ജൂണ്‍ ഒന്നിനാണ് ഇതിന് മുന്‍പ് മുന്നണി യോഗം ചേര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.