വോട്ടെടുപ്പിന് മുൻപേ മധ്യപ്രദേശിൽ ബിജെപിക്ക് ക്ലീൻ സ്വീപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

വോട്ടെടുപ്പിന് മുൻപേ മധ്യപ്രദേശിൽ ബിജെപിക്ക് ക്ലീൻ സ്വീപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ എം.പിയുമായ മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫിസര്‍ തള്ളി. സൂക്ഷ്മ പരിശോധനാ ഘട്ടത്തിലാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പത്രിക നിരസിച്ചത്.

നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേസ് വിവരങ്ങള്‍ മറച്ചുവെച്ചെന്ന ബിജെപിയുടെ പരാതി സ്വീകരിച്ചാണ് നടപടി. ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി മഹേഷ് കേവതാണ് മീനാക്ഷി നടരാജനെതിരെ പരാതി നല്‍കിയത്. തെലങ്കാനയിലെ കോടതിയിലുള്ള ഒരു ക്രിമിനല്‍ കേസിന്റെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മനപൂര്‍വം മറച്ചുവെച്ചുവെന്നായിരുന്നു ആക്ഷേപം.

സുപ്രീം കോടതി മാര്‍ഗനിര്‍ദേദ്ദശ പ്രകാരം കേസുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സ്ഥാനാര്‍ത്ഥി ബാധ്യസ്ഥനാണെന്നും ഇത് ലംഘിച്ചതിനാല്‍ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് ബിജെപി ലീഗല്‍ സെല്‍ റിട്ടേണിങ് ഓഫിസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. മീനാക്ഷിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതെ റിട്ടേണിങ് ഓഫിസര്‍ പത്രിക തള്ളുകയായിരുന്നു.

നടപടിയെ ശക്തമായി അപലപിച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധമായ കള്ളക്കളിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മീനാക്ഷി നടരാജനെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണ്. കോടതിയില്‍ നിന്ന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് മാത്രമാണ് വന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ അത് വെളിപ്പെടുത്തേണ്ടതുള്ളൂ, അല്ലാതെ സാധാരണ നോട്ടീസുകള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തേണ്ടതില്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ഇന്‍-ചാര്‍ജ് ഹരീഷ് ചൗധരി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് ബിജെപി നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണിതെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി പോരാടുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കുതിരക്കച്ചവട സാധ്യത മുന്‍നിര്‍ത്തി കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ കഴിഞ്ഞ ദിവസം കര്‍ണാടകയിലേക്ക് മാറ്റാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മധ്യപ്രദേശിലെ നിയമസഭാ കക്ഷിബലം അനുസരിച്ച് ആകെയുള്ള മൂന്ന് സീറ്റുകളില്‍ രണ്ട് എണ്ണം ബിജെപിക്കും ഒരെണ്ണം കോണ്‍ഗ്രസിനും സുരക്ഷിതമായി ജയിക്കാവുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ മൂന്നാം സീറ്റിലേക്ക് മഹേഷ് കേവതിനെക്കൂടി ബിജെപി രംഗത്തിറക്കിയതോടെയാണ് മത്സരം കടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളും എതിരില്ലാതെ ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ബിജെപിയുടെ പ്രമുഖ നേതാക്കളായ തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍ എന്നിവരാണ് മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍. ജൂണ്‍ 18 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.