പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് 13ന്; സജീവ സാന്നിധ്യമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടി

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് 13ന്; സജീവ സാന്നിധ്യമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടി

പെര്‍ത്ത്: മാര്‍ച്ച് 13ന് നടക്കുന്ന പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ വംശജര്‍ അടക്കം നിരവധി പേര്‍ സ്ഥാനാര്‍ത്ഥികള്‍ ആയിട്ടുള്ള തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടിംഗും നേരത്തെയുള്ള വോട്ടിംഗും ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാന പാര്‍ലമെന്റിലെ 59 ലെജിസ്ലേറ്റീവ് അസംബ്ലി സീറ്റുകളിലേക്കും 36 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 13 രാവിലെ എട്ടു മുതല്‍ വൈകിട്ട് അറ് മണി വരെ സ്‌കൂളുകള്‍ അടക്കമുള്ള നിരവധി കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്താം.നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഓസ്‌ട്രേലിയന്‍ പൗരത്വം ഉള്ള എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്തിരിക്കണം. അല്ലെങ്കില്‍ പിഴ ഈടാക്കും.

വോട്ടിംഗ് രീതി ഇപ്രകാരം :-

അസംബ്ലിയിലേക്കും കൗണ്‍സിലിലേക്കും വ്യത്യസ്തമായ രണ്ട് ബാലറ്റ് പേപ്പറുകളിലായി വോട്ടര്‍മാര്‍ക്ക് രണ്ട് വോട്ട് രേഖപ്പെടുത്താം. അസംബ്ലിയിലേക്ക് ഉള്ള 59 മണ്ഡലങ്ങളിലും മുന്‍ഗണനാ (preferential vote) രീതിയിലും  കൗണ്‍സിലിലേക്ക് ആനുപാതിക പ്രാതിനിധ്യ (proportional representation) രീതിയിലുമാണ് വോട്ടെടുപ്പ് നടക്കുക. അസംബ്ലിയിലേക്കുള്ള ബാലറ്റ് പേപ്പര്‍ താരതമ്യേന ചെറുതായിരിക്കും.

ഈ ബാലറ്റ് പേപ്പറില്‍ പ്രസ്തുത മണ്ഡലത്തിലുള്ള എല്ലാ സ്ഥാനാര്‍ഥികളുടെയും പേരുകള്‍ ഉണ്ടായിരിക്കും. ഇതില്‍ തെരഞ്ഞെടുക്കാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള കോളത്തില്‍ ഒന്ന് എന്ന് രേഖപ്പെടുത്തണം. തുടര്‍ന്ന് രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ വോട്ടര്‍മാര്‍ക്ക് ഓരോ സ്ഥാനാര്‍ത്ഥിക്കും മുന്‍ഗണനാക്രമം നിശ്ചയിച്ച് വോട്ടു ചെയ്യാം.

ഉദാഹരണത്തിന് ഒമ്പതു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ബാലറ്റ് പേപ്പറില്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കേണ്ടത് ഉണ്ട്. ജയിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ കോളത്തില്‍ ഒന്ന് എന്നും രണ്ടാമതായി ജയിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് രണ്ട് എന്നിങ്ങനെ വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലാത്ത സ്ഥാനാര്‍ത്ഥിക്ക് അവസാനത്തെ നമ്പര്‍ ആയ ഒമ്പതും രേഖപ്പെടുത്തണം. എല്ലാ സ്ഥാനാര്‍ത്ഥിയുടെ നേരെയും മുന്‍ഗണനാക്രമം നല്‍കിയെങ്കില്‍ മാത്രമേ വോട്ട് സാധുവാകുകയുള്ളൂ. വോട്ട് രേഖപ്പെടുത്തുന്നതില്‍ തെറ്റു വന്നാല്‍ മറ്റൊരു ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടാവുന്നതാണ്.

കൗണ്‍സിലിലേക്കുള്ള ബാലറ്റ് പേപ്പറും വോട്ടിംഗ് രീതിയും ഇതില്‍ നിന്നും വ്യത്യസ്തമാണ്. കൗണ്‍സില്‍ ബാലറ്റ് പേപ്പറിന്റെ മുകള്‍ ഭാഗത്ത് പാര്‍ട്ടികളുടെ പേരും താഴ്ഭാഗത്ത് സ്ഥാനാര്‍ത്ഥികളുടെ പേരുമുണ്ട്. ഇതില്‍ ഒരിടത്ത് മാത്രം വോട്ട് രേഖപ്പെടുത്തിയാല്‍ മതി. കൗണ്‍സിലിലേക്ക് ഉള്ള വോട്ട് ഒരു പാര്‍ട്ടിക്ക് മാത്രമാണ് നല്‍കുന്നതെങ്കില്‍ ആ പാര്‍ട്ടിയുടെ പേരിന് നേരെ ഒന്ന് എന്ന് അടയാളപ്പെടുത്തിയാല്‍ മുഴുവന്‍ വോട്ടും ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കും. ആറ് ഇലക്ട്രല്‍ റീജിയനുകളില്‍ നിന്നുമായി ആറുവീതം സ്ഥാനാര്‍ഥികളാണ് കൗണ്‍സിലിലേക്ക് ജയിക്കുക.

ആര് ഭരിക്കും :

പാര്‍ട്ടികള്‍ തമ്മിലുള്ള നയപരമായ വ്യതിയാനങ്ങളാണ് തെരഞ്ഞെടുപ്പില്‍ അധികവും ചര്‍ച്ചയാകുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ആയതും സാമ്പത്തിക രംഗത്ത് ഉണര്‍വ് ഉണ്ടാക്കിയതും ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് അനുകൂല ഘടകമാണ്. എന്നാല്‍ ലേബര്‍ പാര്‍ട്ടി ഭരിക്കുന്ന വിക്‌റ്റോറിയ സംസ്ഥാനത്ത് അടുത്തിടെ കൊണ്ടുവന്ന വിവാദ നിയമമായ കണ്‍വേര്‍ഷന്‍ പ്രാക്ടീസ് പ്രൊഹിബിഷന്‍ നിയമം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലും കൊണ്ടുവരുമോ എന്ന കടുത്ത ആശങ്ക അനേകം പേര്‍ക്ക് ഉണ്ട്.

കുടുംബ ബന്ധങ്ങളുടെ അടിത്തറ ഇളക്കുന്നതും സ്വവര്‍ഗാനുരാഗികള്‍ക്ക് അമിത പ്രീണനം നല്‍കുന്നതും ആണന്ന് പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന ബില്ലിന് വിക്ടോറിയയിലെ എല്ലാ ലേബര്‍ എംഎല്‍എമാരും അനുകൂലിച്ചത് ഏറെ ഞെട്ടല്‍ ഉളവാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ ഈ നിയമത്തെ ശക്തിയുക്തം എതിര്‍ക്കുന്നതിനും വിക്ടോറിയന്‍ പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുകയുണ്ടായി.

ഇതിനിടെ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടി (എ.സി) യുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. ഗര്‍ഭച്ഛിദ്രം, ദയാവധം, മനുഷ്യക്കടത്ത്, ബാലവേല എന്നീ കാര്യങ്ങളില്‍ ക്രിസ്തീയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍സ് മയക്കു മരുന്നുകളുടെ ഉപയോഗം തടയാനും മതസ്വാതന്ത്ര്യം ഉറപ്പുവരുത്താനുമുള്ള ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു.

അഡ്വ. ബിജു ആന്റണി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.