മാസപ്പടിക്കേസില്‍ വീണയെ വിടാതെ ഇ.ഡി; ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിണ്ടും സമന്‍സ്

മാസപ്പടിക്കേസില്‍ വീണയെ വിടാതെ ഇ.ഡി; ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിണ്ടും സമന്‍സ്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. ചോദ്യം ചെയ്യലിന് അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് സമന്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍സിന് സിഎംആര്‍എല്‍ കമ്പനി 2.78 കോടി രൂപ നല്‍കിയ ഇടപാടിലെ ദുരൂഹത സംബന്ധിച്ചാണ് അന്വേഷണം. ജൂണ്‍ 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണയ്ക്ക് നേരത്തെ ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇ.ഡിക്ക് കത്തയയ്ക്കുകയായിരുന്നു. അന്ന് വീണയ്ക്കൊപ്പം കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെ ഒമ്പതു പേര്‍ക്ക് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.

വീണ താമസിക്കുന്ന പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ വീട്ടിലും നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായാണ് സമന്‍സെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കേസില്‍ ആദ്യമായാണ് വീണയെ ഇ.ഡി ചോദ്യം ചെയ്യാന്‍ പോകുന്നത്. പ്രതിഫലം സ്വീകരിച്ചത് എന്ത് സേവനത്തിനാണെന്നതാകും പ്രധാന ചോദ്യം.

സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടു കെട്ടാനാണ് ഇ.ഡിയുടെ നീക്കം. ശശിധരന്‍ കര്‍ത്തയുടെ മറ്റൊരു കമ്പനിയില്‍ നിന്ന് 50 ലക്ഷം രൂപ വായ്പ ലഭിച്ച സാഹചര്യവും അതിന്റെ തിരിച്ചടവും വീണയ്ക്ക് ചോദ്യം ചെയ്യലില്‍ വിശദീകരിക്കേണ്ടി വരും.

ചോദ്യം ചെയ്യല്‍ സംബന്ധിച്ച് വീണയും സിഎംആര്‍എല്ലുമെടുക്കുന്ന നിലപാട് നിര്‍ണായകമാകും. എക്‌സാലോജിക് ഇടപാടിലെ അന്വേഷണം തടയണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ നേടാനൊരു്ുകയാണ് സിഎംആര്‍എല്‍. ഇ.ഡിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്താല്‍ ചോദ്യം ചെയ്യല്‍ താല്‍കാലികമായി ഒഴിവാക്കാനാവും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.