കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മെമ്മറി കാര്‍ഡ് പരിശോധനയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് എന്നിവ മുദ്ര വെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാന്‍ ജസ്റ്റിസ് സി.എസ് ഡയസ് വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസില്‍ ഒരു മാസത്തിനകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ടും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
കേസിലെ മെമ്മറി കാര്‍ഡ് ഇപ്പോഴും വിചാരണക്കോടതിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലാണ്. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടുവെന്നാണ് അതിജീവിതയുടെ പരാതി.
മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതില്‍ അന്വേഷണം നടത്തിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആയിരുന്ന ഹണി എം. വര്‍ഗീസിന്റെ റിപ്പോര്‍ട്ട് നീതിയുക്തമല്ലെന്നും പക്ഷപാതപരമാണെന്നും അത് റദ്ദാക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.
പല സാക്ഷിമൊഴികളും തെറ്റായി വ്യാഖ്യാനിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടതി കസ്റ്റഡിയിലിക്കെ മെമ്മറി കാര്‍ഡ് പലപ്പോഴായി തുറന്നിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തിയിട്ടും ആര്‍ക്കെതിരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഫൊറന്‍സിക് വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചെന്ന പരാതിയില്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന് പിന്നാലെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും പിന്മാറിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പിന്മാറിയതിന് പിന്നാലെയാണ് ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുമ്പാകെ ഹര്‍ജി എത്തിയത്. എന്നാല്‍ അദേഹവും ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.