കൊച്ചി: മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയ നടപടിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നോട്ടീസ്. തര്‍ക്ക ഭൂമി പോര്‍ട്ടലില്‍ ചേര്‍ത്തതിന് കൃത്യമായ കാരണം വ്യക്തമാക്കിക്കൊണ്ട് അഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസിലെ കര്‍ശന നിര്‍ദേശം.
എന്നാല്‍ ജൂണ്‍ 16 ന് ചേരുന്ന വഖഫ് ബോര്‍ഡിന്റെ യോഗത്തിന് ശേഷം മാത്രമേ കേന്ദ്രത്തിന് ഔദ്യോഗിക മറുപടി നല്‍കൂ എന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് ഹംസ വ്യക്തമാക്കുന്നത്. വിഷയത്തില്‍ ബോര്‍ഡ് അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പ്രാഥമിക വിശദീകരണം നല്‍കിയേക്കുമെന്നാണ് സൂചന.
മുനമ്പത്തെ 404 ഏക്കര്‍ തര്‍ക്ക ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസമാണ് വഖഫ് ബോര്‍ഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മുനമ്പത്തെ ഈ ഭൂമി പോര്‍ട്ടലില്‍ ചേര്‍ത്തത്.
വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന ഒരു തര്‍ക്ക വിഷയത്തില്‍ കോടതി അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് ബോര്‍ഡ് ഏകപക്ഷീയമായി രജിസ്‌ട്രേഷന്‍ നടത്തി എന്നാണ് പരാതിക്കാരുടെ ആക്ഷേപം.
വഖഫ് സ്വത്തുക്കള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ സ്വാഭാവികമായ നടപടിക്രമങ്ങള്‍ മാത്രമാണ് തങ്ങള്‍ സ്വീകരിച്ചതെന്നാണ് വഖഫ് ബോര്‍ഡിന്റെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.