നോയിഡ: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ വ്യോമയാന മേഖലയ്ക്ക് പുതിയ കുതിപ്പേകിക്കൊണ്ട് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ജെവാര്‍ ജൂണ്‍ 15 മുതല്‍ വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കുന്നു. മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത ഈ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക സര്‍വീസ് ലക്നൗവിലേക്കായിരിക്കും.
വിമാനത്താവള നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കിയ കര്‍ഷകരാണ് ഈ ചരിത്ര യാത്രയിലെ ആദ്യ യാത്രക്കാര്‍ എന്നതാണ് ഈ സര്‍വീസിന്റെ പ്രത്യേകത. ജൂണ്‍ 15 ന് രാവിലെ നടക്കുന്ന പ്രത്യേക ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡിജിസിഎ ഉദ്യോഗസ്ഥര്‍, നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പ്രതിനിധികള്‍, വിമാനത്താവള സിഇഒ എന്നിവര്‍ പങ്കെടുക്കും.
ജെവാറില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ആദ്യ വിമാനക്കമ്പനി ഇന്റിഗോ ആയിരിക്കും. ആദ്യ ദിനത്തില്‍ ലക്നൗ, ബംഗളൂരു നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫ്‌ളൈറ്റ് 6E 2278 രാവിലെ 7:05 ന് ലക്നൗവില്‍ നിന്ന് പുറപ്പെട്ട് 8:05 ന് നോയിഡയിലെത്തും. ഇതേ വിമാനം രാവിലെ 8:35 ന് നോയിഡയില്‍ നിന്ന് പുറപ്പെട്ട് 11:05 ന് ബംഗളൂരുവില്‍ ഇറങ്ങും.
വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി രാജ്യത്തെ 16 ല്‍ അധികം പ്രധാന കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്റിഗോ വ്യക്തമാക്കിയിട്ടുണ്ട്. മെട്രോ നഗരങ്ങളായ മുംബൈ, ഹൈദരാബാദ് എന്നിവയ്ക്ക് പുറമെ അമൃത്സര്‍, ചണ്ഡീഗഢ്, ധര്‍മ്മശാല, ജയ്പൂര്‍, നവി മുംബൈ, പന്ത്‌നഗര്‍, ശ്രീനഗര്‍ തുടങ്ങിയ നഗരങ്ങളിലേക്കും ഇവിടെ നിന്നും കണക്റ്റിവിറ്റി ലഭിക്കും. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു. ഇന്റിഗോയ്ക്ക് പിന്നാലെ ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയും ഇവിടെ നിന്ന് സര്‍വീസ് തുടങ്ങും.
വാണിജ്യ സര്‍വീസുകള്‍ക്ക് മുന്നോടിയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനായി എയര്‍ക്രാഫ്റ്റ് ടേണ്‍എറൗണ്ട് ട്രയല്‍ ജൂണ്‍ ഒന്‍പതിന് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ലഗേജ് കൈകാര്യം ചെയ്യല്‍, ഇന്‍-ഫ്‌ളൈറ്റ് കാറ്ററിങ്, വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കല്‍, കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ പരിശോധനയുടെ ഭാഗമായി വിലയിരുത്തി.
കൂടാതെ വിമാനങ്ങള്‍ കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ പൈലറ്റുമാരെ സഹായിക്കുന്ന ഓട്ടോമേറ്റഡ് ഡിസ്പ്ലേ സംവിധാനമായ വിഷ്വല്‍ ഡോക്കിങ് ഗൈഡന്‍സ് സിസ്റ്റം, പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായ ലാന്‍ഡിങിനായുള്ള ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം പുനപരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്.
യാത്രക്കാര്‍ക്ക് പരിചിതമായ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഹരിയാന മേഖലകളിലുള്ളവര്‍ക്ക് യാത്ര എളുപ്പമാക്കാനും ജെവാര്‍ വിമാനത്താവളം സഹായിക്കും. സ്വിസ് കമ്പനിയായ സൂറിച്ച് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡാണ് ഈ പരിസ്ഥിതി സൗഹൃദ വിമാനത്താവളം വികസിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.