ഒപ്പിടാന്‍ ട്രംപിന് ധൃതി, ജാഗ്രതയോടെ ഇറാന്‍; യു.എസ്-ഇറാന്‍ ചര്‍ച്ചകളില്‍ തിയതിയെച്ചൊല്ലി തര്‍ക്കം

ഒപ്പിടാന്‍ ട്രംപിന് ധൃതി, ജാഗ്രതയോടെ ഇറാന്‍; യു.എസ്-ഇറാന്‍ ചര്‍ച്ചകളില്‍ തിയതിയെച്ചൊല്ലി തര്‍ക്കം

ടെഹ്റാന്‍: മാസങ്ങളായി തുടരുന്ന യു.എസ്-ഇറാന്‍ യുദ്ധത്തിന് വിരാമമിടാനുള്ള സമാധാന കരാറിന്റെ അന്തിമ ചര്‍ച്ചകള്‍ക്കായി ഖത്തറില്‍ നിന്നുള്ള മധ്യസ്ഥ സംഘം ഞായറാഴ്ച ടെഹ്റാനിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ ധാരണ രൂപപ്പെടുത്തുന്നതില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് സൂചനകള്‍. ഇതോടെ ആഗോള സമ്പദ്‌വ്യവസ്ഥയെയും കപ്പല്‍ ഗതാഗതത്തെയും സ്തംഭിപ്പിച്ചുകൊണ്ട് അടഞ്ഞുകിടക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് ലോക വിപണി.

പ്രത്യേക ഔദ്യോഗിക ചടങ്ങുകള്‍ ഒന്നും കൂടാതെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സമാധാന കരാര്‍ ഒപ്പുവെക്കുന്ന തിയതിയെച്ചൊല്ലി യു.എസും ഇറാനും തമ്മില്‍ വ്യത്യസ്തമായ നിലപാടുകളാണ് നിലനില്‍ക്കുന്നത്. ഞായറാഴ്ച തന്നെ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നും അതിന് തൊട്ടുപിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് തുറന്ന് നല്‍കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അവകാശപ്പെട്ടിരിക്കുന്നത്.

മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്തെ ആണവക്കരാറിന് നേര്‍വിപരീതമാണ് തന്റെ പുതിയ കരാറെന്നും ഇത് ഇറാന്റെ ആണവ മോഹങ്ങള്‍ക്ക് പൂര്‍ണമായി തടയിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഞായറാഴ്ച കരാര്‍ ഒപ്പുവെക്കുമെന്ന വാര്‍ത്തകള്‍ ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഖായി പൂര്‍ണമായും തള്ളി. വരും ദിവസങ്ങളില്‍ കരാര്‍ ഉണ്ടായേക്കാം എങ്കിലും തിയതിയുടെ കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നും രാജ്യം അതീവ ജാഗ്രതയോടെയാണ് ഇതിനെ സമീപിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

അതേസമയം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന ദീര്‍ഘ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും സമാധാന കരാറിന്റെ ചട്ടക്കൂടിന് അംഗീകാരം നല്‍കിയതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യു.എസ്-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനായി നിലവില്‍ ഒരുങ്ങുന്നത് 60 ദിവസത്തെ ഒരു താല്‍കാലിക ചട്ടക്കൂടാണ്. പൂര്‍ണമായ ഒരു ആണവ കരാറിലേക്ക് എത്തുന്നതിന് മുന്‍പുള്ള ഈ താല്‍ക്കാലിക ധാരണയില്‍ പ്രധാനമായും നാല് കാര്യങ്ങളാണുള്ളത്.

കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ അടഞ്ഞുകിടക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുക എന്നതാണ് ഇതില്‍ ഒന്നാമത്തേത്. കൂടാതെ ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര എണ്ണ വ്യാപാര ഉപരോധങ്ങളില്‍ ഇളവ് നല്‍കുക, വിവിധയിടങ്ങളിലായി മരവിപ്പിക്കപ്പെട്ടിരിക്കുന്ന ഇറാന്റെ 25 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ വിട്ടുകൊടുക്കുക എന്നിവയും ഈ കരാറിന്റെ ഭാഗമാണ്. ഇതിന് പകരമായി ഇറാന്‍ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ പരിപാടികള്‍ പൂര്‍ണമായും അവസാനിപ്പിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ഹോര്‍മുസ് മേഖലയില്‍ നൂറുകണക്കിന് ചരക്കുകപ്പലുകളും ഇരുപതിനായിരത്തോളം നാവികരും കുടുങ്ങിക്കിടക്കുകയാണ്. ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ആഗോള ഇന്ധനവിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വിപണിക്ക് വലിയ ആശ്വാസമാകും. വരും മണിക്കൂറുകളില്‍ ഖത്തര്‍ മധ്യസ്ഥരുടെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഒപ്പിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.