ചരിത്രം കുറിച്ച് മോഡി: സ്ലൊവാക്യ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി; നയതന്ത്ര ബന്ധത്തില്‍ പുതിയ അധ്യായം

ചരിത്രം കുറിച്ച് മോഡി: സ്ലൊവാക്യ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി; നയതന്ത്ര ബന്ധത്തില്‍ പുതിയ അധ്യായം

ബ്രാറ്റിസ്ലാവ: യൂറോപ്യന്‍ നയതന്ത്രത്തില്‍ പുതിയ ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്ലൊവാക്യന്‍ സന്ദര്‍ശനം. 1993 ല്‍ സ്വതന്ത്ര രാഷ്ട്രമായി രൂപീകൃതമായതിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്ലൊവാക്യ സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയുടെ പ്രത്യേക ക്ഷണ പ്രകാരം തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെത്തുന്ന പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്.

ജൂണ്‍ 16 വരെ നീളുന്ന ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്ര പ്രധാനമായ പങ്കാളിത്തം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2025 ല്‍ ഇത് 1.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. വെറുമൊരു പ്രതീകാത്മക സന്ദര്‍ശനത്തിനപ്പുറം, യൂറോപ്യന്‍ വിപണിയിലേക്കുള്ള കവാടമായി സ്ലൊവാക്യയെ മാറ്റാനാണ് ഇന്ത്യന്‍ ബിസിനസ് ലോകം ലക്ഷ്യമിടുന്നത്.

ഈ ചരിത്ര പ്രസിദ്ധമായ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ, സാങ്കേതിക പങ്കാളിത്തങ്ങള്‍ക്കാണ് പ്രധാന മുന്‍ഗണന നല്‍കുന്നത്. നിലവില്‍ ടാറ്റ മോട്ടോഴ്സ് (ജാഗ്വര്‍ ലാന്‍ഡ് റോവര്‍), ടിസിഎസ്, സി.കെ ബിര്‍ള ഗ്രൂപ്പ് തുടങ്ങിയ മുന്‍നിര ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്ലൊവാക്യയില്‍ ശക്തമായ സാന്നിധ്യമുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി അവിടുത്തെ പ്രമുഖ ബിസിനസ് മേധാവികളുമായി കൂടിക്കാഴ്ച നടത്തും.

പ്രതിരോധ മേഖലയില്‍ പീരങ്കികളും കവചിത വാഹനങ്ങളും സംയുക്തമായി നിര്‍മിക്കുന്നതിനായി ഇരു രാജ്യങ്ങളും കൈകോര്‍ക്കും. ഇതിന്റെ ഭാഗമായി സ്ലൊവാക്യന്‍ തോക്ക് നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പവര്‍ കോയമ്പത്തൂരിന് സമീപം പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ, സൈബര്‍ സുരക്ഷ, ക്വാണ്ടം ടെക്‌നോളജി എന്നിവയിലൂന്നിയുള്ള പുതിയ ചര്‍ച്ചകള്‍ക്ക് പുറമേ, ബഹിരാകാശ രംഗത്തെ സഹകരണവും ശക്തമാണ്.

2017 ല്‍ സ്ലൊവാക്യയുടെ ആദ്യ ഉപഗ്രഹം (skCUBE) വിക്ഷേപിച്ചത് ഇന്ത്യയുടെ പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു എന്നത് ഇതിന് അടിവരയിടുന്നു. കൂടാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ നേട്ടമുണ്ടാക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിനെ സ്ലൊവാക്യ പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ടെന്ന് സ്ലൊവാക്യന്‍ പ്രസിഡന്റ് പെറ്റര്‍ പെല്ലെഗ്രിനി വ്യക്തമാക്കിയതും ഈ സന്ദര്‍ശനത്തിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

നിലവില്‍ സ്ലൊവാക്യയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11,000 ത്തോളം ഇന്ത്യക്കാരുണ്ട്. ഇന്ത്യയുടെ തത്വചിന്തകളുടെ സമാഹാരമായ ഉപനിഷത്തുകള്‍ സംസ്‌കൃതത്തില്‍ നിന്ന് സ്ലൊവാക്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ആഴം വെളിപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി മുന്‍പ് അടിവരയിട്ട് പറഞ്ഞിരുന്നു.

ഫ്രാന്‍സ് സന്ദര്‍ശനത്തിനും ജി7 ഉച്ചകോടിക്കുമുള്ള യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോഡിയുടെ ഈ ചരിത്ര പ്രസിദ്ധമായ സ്ലൊവാക്യന്‍ സന്ദര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.