വാഷിങ്ടണ്‍: മാസങ്ങള്‍ നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മില്‍ ചരിത്രപരമായ സമാധാന ഉടമ്പടി പ്രഖ്യാപിച്ചെങ്കിലും കരാര്‍ ഔദ്യോഗികമായി ഒപ്പിടുന്നത് വരെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്ന് യു.എസ് സൈന്യം വ്യക്തമാക്കി. ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത് വരെ നിലവിലെ സൈനിക നിയന്ത്രണങ്ങള്‍ തുടരുമെന്നും അനുമതിയില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കരുതെന്നും യു.എസ് സൈനിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കി.
സമാധാന ഉടമ്പടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഹോര്‍മുസില്‍ നിന്ന് എണ്ണ നിറച്ച കപ്പലുകള്‍ നീങ്ങിത്തുടങ്ങിയതായി ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. കപ്പലുകള്‍ സതേണ്‍ ഹൈവേ വഴിയാണ് സഞ്ചരിക്കുന്നതെന്ന് അദേഹം തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഔദ്യോഗിക ഒപ്പിടല്‍ കഴിയുന്നതോടെ ഹോര്‍മുസ് കടലിടുക്കിലൂടെ പൂര്‍ണമായും ടോള്‍ രഹിതമായ കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂണ്‍ 19 ന് സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ചാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാര്‍ ഒപ്പുവെക്കുക. പാകിസ്ഥാനും ഖത്തറും സംയുക്തമായി നടത്തിയ മാസങ്ങള്‍ നീണ്ട നയതന്ത്ര മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധത്തിന് അറുതിയാകുന്നത്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും സൈനിക പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ഈ വെടിനിര്‍ത്തല്‍ പശ്ചിമേഷ്യയില്‍ ഒരു പുതിയ സമാധാന യുഗത്തിന് തുടക്കം കുറിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രത്യാശ പ്രകടിപ്പിച്ചു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വാണിജ്യ-സാമ്പത്തിക നേട്ടമാണ് സമ്മാനിക്കുക. യുദ്ധത്തെ തുടര്‍ന്ന് കടലിടുക്ക് അടഞ്ഞുകിടന്ന സമയത്ത് ഒമാനിലെ ദുകം, സോഹര്‍, സലാല തുടങ്ങിയ തുറമുഖങ്ങള്‍ വഴിയാണ് ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള തങ്ങളുടെ കയറ്റുമതി താല്‍കാലികമായി ക്രമീകരിച്ചിരുന്നത്. പ്രതിസന്ധികള്‍ക്കിടയിലും പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ മെയ് മാസത്തില്‍ 5:30 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു.
കപ്പല്‍ ഗതാഗതം സാധാരണ നിലയിലാകുന്നതോടെ വ്യാപാരച്ചെലവ് കുറയുമെന്നും ഇത് ഇന്ത്യന്‍ വിപണിക്ക് ഏറെ ഗുണം ചെയ്യുമെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണങ്ങളെ തുടര്‍ന്നാണ് മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് തിരിച്ചടിയായി ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ കാല്‍ഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടി. ഇത് നൂറിലധികം ദിവസം നീണ്ടു നിന്ന കടുത്ത ആഗോള ഊര്‍ജ പ്രതിസന്ധിക്കും ഇന്ധന വില വര്‍ധനവിനും കാരണമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.