നീറ്റ്-യുജി പുനപരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി; 22 ലക്ഷം പേരെ വീണ്ടും പരീക്ഷയ്ക്കിരുത്തുന്നത് ഏകപക്ഷീയം: കേസ് നാളെ പരിഗണിക്കും

നീറ്റ്-യുജി പുനപരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി; 22 ലക്ഷം പേരെ വീണ്ടും പരീക്ഷയ്ക്കിരുത്തുന്നത് ഏകപക്ഷീയം: കേസ് നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ പ്രഖ്യാപിച്ച നീറ്റ്-യുജി പുനപരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. രാജ്യത്തെ 22 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും പരീക്ഷ എഴുതിക്കാനുള്ള തീരുമാനം തികച്ചും ഏകപക്ഷീയമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും.

അതേസമയം പരീക്ഷയ്ക്ക് മുന്‍പ് ആര്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടിയിട്ടില്ലെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ആവര്‍ത്തിച്ച് വ്യക്തമാക്കി. ചോദ്യ പേപ്പര്‍ നല്‍കാമെന്ന വ്യാജ വാഗ്ദാനങ്ങളോ ഇതുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കണമെന്നും എന്‍ടിഎ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുനപരീക്ഷ പെട്ടെന്ന് നടത്തുന്നതിനെതിരെ വിദ്യാര്‍ഥികളും രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷ ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് 1467 വിദ്യാര്‍ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്‍ടിഎയ്ക്കും നിവേദനം നല്‍കി. രാജ്യത്തെ ഏറ്റവും കഠിനമായ മത്സര പരീക്ഷകളിലൊന്നായ നീറ്റിനായി മാസങ്ങളുടെ തയ്യാറെടുപ്പ് ആവശ്യമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ആദ്യ പരീക്ഷ റദ്ദാക്കാനോ വീണ്ടും നടത്താനോ ഉണ്ടായ സാഹചര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു പങ്കുമില്ല. ഈ സാഹചര്യത്തില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നും നിവേദനത്തില്‍ വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.