ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസമാണ് സന്ദര്‍ശനം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. മാര്‍പാപ്പയുടെ സന്ദര്‍ശത്തിന് സുരക്ഷയൊരുക്കാന്‍ 10,000 സൈനികരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.
ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ വിശ്രമത്തിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ 15 മാസങ്ങള്‍ക്ക് ശേഷമാണ് വിദേശ പര്യടനം നടത്തുന്നത്. സന്ദര്‍ശനത്തിനിടെ ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അല്‍ സിസ്താനി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
നിങ്ങള്‍ എല്ലാവരും സഹോദരന്‍മാരാണ് എന്ന വാക്യമാണ് സന്ദര്‍ശനത്തിന്റെ പ്രമേയം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് ബാഗ്ദാദിലെത്തുന്ന മാര്‍പാപ്പ ഇറാഖ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പൂര്‍വ പിതാവായ അബ്രഹാം ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഊര്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ, നജാഫിലെ ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും.
ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്ത മൊസൂള്‍ അടക്കം ആറ് നഗരങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. 2,000 ല്‍ സദ്ദാം ഹുസൈന്‍ പ്രസിഡന്റായിരിക്കെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബാഗ്ദാദ് സന്ദര്‍ശിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.
യുദ്ധവും അഭ്യന്തര കലാപങ്ങളും ഭീകരാക്രമണവും അതിജീവിക്കുന്ന ഇറാഖിലെ പുരാതന ക്രൈസ്തവ സമൂഹത്തിന് സാന്ത്വനം പകരുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ജനസംഖ്യയുടെ ഏകദേശം ആറ് ശതമാനം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാക്കില്‍ രണ്ടാം ഗള്‍ഫ് യുദ്ധത്തിനുശേഷം അവരുടെ എണ്ണം വെറും നാല് ലക്ഷമായി കുറഞ്ഞിരുന്നു.
മുസ്ലീം തീവ്രവാദ സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റ് തലസ്ഥാനമായി മാറ്റിയ മൊസൂള്‍ നഗരത്തില്‍ നിരവധി ക്രൈസ്തവരുണ്ടായിരുന്നു. ഇസ്ലാമിക ഭരണം തകര്‍ത്തെറിഞ്ഞ നഗരങ്ങള്‍ മാര്‍പ്പാപ്പയുടെ വരവോടു കൂടി നവ ചൈതന്യം പ്രാപിക്കുമെന്നാണ് ക്രൈസ്തവ സമൂഹങ്ങളും തദ്ദേശീയ ജനതകളും കരുതുന്നത്. പല പള്ളികളിലും ഐക്യ രാഷ്ട്ര സഭയുടെ മേല്‍ നോട്ടത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ഇസ്ലാമിക തീവ്രവാദി സംഘങ്ങള്‍ നടത്തിയ വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്ന നിയമ നിര്‍മ്മാണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ സന്ദര്‍ശന വേളയില്‍ ഇറാഖ് ഭരണാധിപന്‍മാരുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി സര്‍ക്കാര്‍ ഇതര സംഘടനകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തെഴുതിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.