ബാഗ്ദാദ്: ആഭ്യന്തര യുദ്ധങ്ങളും അധിനിവേശങ്ങളും അരങ്ങു തകര്‍ത്ത മെസപ്പൊട്ടാമിയന്‍ മണ്ണില്‍ അകലമല്ല, അടുപ്പമാണ് ജീവിതമെന്ന സന്ദേശവുമായി സ്‌നേഹത്തിന്റെ സ്വര്‍ഗീയ ദൂതന്‍ പറന്നിറങ്ങി... ചാരേ ചരിത്രം പിറക്കുന്നതറിയാതെ ടൈഗ്രിസ് നദി അപ്പോഴും ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു...
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇറാക്കിലെ ചരിത്ര സന്ദര്‍ശനത്തിന് തുടക്കമായി. പ്രാദേശിക സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മാര്‍പ്പാപ്പയ്ക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായും മാര്‍പാപ്പ ഇന്ന് കൂടിക്കാഴ്ച നടത്തും. നാളെ നജഫിലെത്തി ഗ്രാന്‍ഡ് ആയത്തുല്ല അല്‍ സിസ്താനിയെ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ നസിറിയയില്‍ സര്‍വമത സമ്മേളനത്തിലും പങ്കെടുക്കും. ശനിയാഴ്ച ബഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും ദിവ്യബലി അര്‍പ്പിക്കും.
മൊസൂള്‍ നഗരവും സന്ദര്‍ശിക്കുന്നുണ്ട്. അവിടെ ചര്‍ച്ച് സ്‌ക്വയറില്‍ യുദ്ധത്തിന്റെ ഇരകള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനകള്‍ നടത്തും. തുടര്‍ന്ന് അദ്ദേഹം ഇറാഖിലെ പ്രധാന ക്രിസ്ത്യന്‍ പട്ടണങ്ങളിലൊന്നായ ഖരാക്കോഷിലേക്ക് പോകും. 2010ല്‍ നടന്ന ആക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ട സിറിയന്‍ കത്തോലിക്കാ ദേവാലയമായ ഔവര്‍ ലേഡി ഓഫ് സാല്‍വേഷനില്‍ കത്തോലിക്കാ പുരോഹിതന്മാരുമായും കൂടിക്കാഴ്ചയും നടത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച മാര്‍പാപ്പ റോമിലേക്ക് മടങ്ങും.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഇറാഖിലെങ്ങും ഒരുക്കിയിട്ടുള്ളത്. ഇതിനായി 10,000 സൈനികരെയാണ് വിവിധ മേഖലകളിലായി വിന്യസിച്ചിട്ടുള്ളത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇറാഖിലുള്ള ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ കഷ്ടപ്പാടുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ മാര്‍പ്പാപ്പ ഇറാഖിലെത്തുന്നത് ശക്തമായ ഒരു ഐക്യദാര്‍ഡ്യ പ്രകടനമാണ്.
ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹ് 2019 ജൂലൈയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. ഇറാഖിനെ, പ്രത്യേകിച്ച് രാജ്യത്തെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ ജനതയെ നിരാശപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇറാഖ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് മാര്‍പാപ്പ വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ സമുദായത്തെ പിന്തുണയ്ക്കാനും അവരുമായി അടുത്തിടപഴകാനുമുള്ള അവസരം അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനം വര്‍ഷങ്ങളായുള്ള രാജ്യത്തെ കലാപ അന്തരീക്ഷങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.