സന്തോഷ് ഈപ്പന്‍ വാങ്ങിയ വിലയേറിയ ഐഫോണ്‍ ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനി: കസ്റ്റംസ് നോട്ടീസയച്ചു

സന്തോഷ് ഈപ്പന്‍ വാങ്ങിയ വിലയേറിയ ഐഫോണ്‍ ഉപയോഗിച്ചത്  കോടിയേരിയുടെ ഭാര്യ വിനോദിനി: കസ്റ്റംസ് നോട്ടീസയച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഏറ്റവും വില കൂടിയ ഫോണാണ് വിനോദിനി ഉപയോഗിച്ചിരുന്നത്. 1, 13,900 രൂപ വിലയുള്ള ഫോണാണാണിത്. സ്വര്‍ണ കള്ളക്കടത്ത് വിവാദമാകുന്നതു വരെ വിനോദിനി ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതായും കസ്റ്റംസ് കണ്ടെത്തി. സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ ഏറ്റവും വില കൂടിയതായിരുന്നു ഇത്. ഫോണില്‍ നിന്ന് യൂണിടാക്ക് ഉടമയെ വിനോദിനി വിളിച്ചിട്ടുണ്ടെന്നും കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നായിരുന്നു കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ഈ ഐഫോണിനെ ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐഎംഇഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് ഫോണ്‍ കണ്ടെത്തിയത്. ഇതില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡും കണ്ടെത്തി.

സ്വര്‍ണക്കടത്ത് പിടികൂടിയതോടെ ഈ ഫോണ്‍ ഉഫയോഗിക്കുന്നത് നിര്‍ത്തിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. യുഎഇ കോണ്‍സല്‍ ജനറലിന് സന്തോഷ് ഈപ്പന്‍ പ്രത്യുപകാരമായി നല്‍കിയ ഈ ഫോണ്‍ എങ്ങനെ വിനോദിനിക്ക് ലഭിച്ചു എന്നതും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെയുളള കസ്റ്റംസ് നീക്കം സി പി എമ്മിനേയും സര്‍ക്കാരിനേയും ഒരുപോലെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ ഭാര്യയ്ക്കെതിരെയുളള കസ്റ്റംസിന്റെ നിര്‍ണായക നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.