കൊച്ചി: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ സീറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും പ്രൈവറ്റ്, ഡീംഡ് യൂണിവേഴ്‌സിറ്റികളുമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ പുരോഗതി കൈവരിക്കുമ്പോള്‍ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളം ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെയധികം പിന്നാക്കാവസ്ഥയിലാണ്.
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇവിടുത്തെ സ്വാശ്രയ വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെയും രാഷ്ട്രീയ മേധാവിത്വത്തിന് അടിയറ വയ്ക്കുന്നതിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആരോടും ചര്‍ച്ച ചെയ്യാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വിജ്ഞാപനം ചെയ്തിരിക്കുന്ന സ്വാശ്രയ ഓര്‍ഡിനന്‍സെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.
ഇതുവഴി ന്യൂനപക്ഷ അവകാശങ്ങള്‍ ഉള്‍പ്പെടെ എല്ലാ അധികാരങ്ങളും യൂണിവേഴ്‌സിറ്റിയും സിന്‍ഡിക്കേറ്റും കയ്യേറുകയും മാനേജ്‌മെന്റ് നാമമാത്ര അധികാരങ്ങള്‍ മാത്രമുള്ള അടിസ്ഥാന സൗകര്യം ഒരുക്കിക്കൊടുക്കുന്ന ഒരു ഏജന്‍സി മാത്രമായി തരംതാഴ്ത്തപ്പെടുകയും ചെയ്യും. കോളേജിന്റെ അധ്യാപക നിയമനങ്ങളും അച്ചടക്ക പാലനവും ദൈനംദിന പ്രവര്‍ത്തനങ്ങളുമടക്കം രാഷ്ട്രീയ ബലപ്രയോഗങ്ങള്‍ക്കു വശംവദമാകുകയും കലാലയ രാഷ്ടീയം വീണ്ടും കടന്നു വരുകയും ചെയ്യുമ്പോള്‍ കാമ്പസ് അന്തരീക്ഷം ആകെ കലുഷിതമാവുകയും ചെയ്യും.
അധ്യാപക ശമ്പളം സര്‍ക്കാര്‍ സ്‌കെയിലില്‍ തന്നെ നിശ്ചയിക്കുന്നതിലൂടെ ഫീസ് കുത്തനെ ഉയരുന്നതിനും ഇടയാകും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂടുതല്‍ കടക്കെണിയിലാകാന്‍ ഇതിടയാക്കും. കൂടാതെ, അന്യസംസ്ഥാന ലോബിയുടെ കൊള്ളയ്ക്ക് വിദ്യാര്‍ത്ഥികളെ ഇരയാക്കുന്നതിനു മാത്രമേ ഈ ഓര്‍ഡിനന്‍സ് ഉപകരിക്കുകയുള്ളൂവെന്നും കമ്മീഷന്‍ വിലയിരുത്തി.
പുതിയ ദേശീയ വിദ്യാഭ്യാസനയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ അവയെ വീണ്ടും കൂച്ചുവിലങ്ങിടുന്ന നടപടിയാണ് സ്വീകരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേയ്ക്കു നയിക്കുന്ന ഈ ഓര്‍ഡിനന്‍സ് അടിയന്തരമായി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പാംപ്ലാനി, സെക്രട്ടറിമാരായ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജെയിംസ് കൊക്കാവയലില്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.