പ്രാദേശിക എതിര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്ന് സിപിഎം നേതൃത്വം; സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ

പ്രാദേശിക എതിര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്ന് സിപിഎം നേതൃത്വം; സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള പ്രാദേശിക പ്രതിഷേധങ്ങള്‍ തുടരവേ എതിര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്നത്തെ മണ്ഡലം കമ്മറ്റി റിപ്പോര്‍ട്ടിംഗിനു ശേഷവും പരസ്യ പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ അച്ചടക്ക നടപടിയെടുക്കും.

തരൂരില്‍ മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയെ മാറ്റിയെങ്കിലും സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കലാപം തീരുന്നില്ല. പൊന്നാനിയിലും കുറ്റ്യാടിയിലും കൊടിയുമേന്തി അണികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് രണ്ടിടത്തും പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയത്.

ഏരിയ സെക്രട്ടറി ടി.എം.സിദ്ദിഖിനെ തള്ളി പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതാണ് പൊന്നാനിയില്‍ പൊട്ടിത്തെറിക്ക് കാരണമായതെങ്കില്‍ സിപിഎം മത്സരിച്ചു വന്ന കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വിട്ടു കൊടുത്തതാണ് അവിടെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ പൊന്നാനിക്ക് വേണ്ടെന്ന മുദ്രാവാക്യങ്ങളുമായാണ് സിപിഎം പ്രവര്‍ത്തകര്‍ പൊന്നാനി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാദേശികമായി എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഇത്രയും ശക്തമായൊരു പ്രതിഷേധമുണ്ടായത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇടതുജനാധിപത്യ മുന്നണിയുടെ പരസ്യ പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് പൊതുയോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പാന്നാനിയില്‍ പ്രതിഷേധ പ്രകടനം നടന്നത്.

കുറ്റ്യാടിക്ക് പുറമേ ദീര്‍ഘ കാലമായി സിപിഎമ്മിന്റെ കുത്തക സീറ്റായ തിരുവമ്പാടിയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വിട്ടു കൊടുത്തതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ചില കളികളാണ് എന്ന വിമര്‍ശനം പ്രവര്‍ത്തകര്‍ക്കുണ്ട്. കെ.പി കുഞ്ഞമ്മദ് മാസ്റ്ററെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നീക്കമെന്നാണ് അവര്‍ കരുതുന്നത്.

പൊന്നാനിയില്‍ എന്തുകൊണ്ട് പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ നേതൃത്വം വിശദീകരിക്കും. കുറ്റ്യാടിയും തിരുവമ്പാടിയും കേരള കോണ്‍ഗ്രസിന് നല്‍കിയതു സംബന്ധിച്ച് കോഴിക്കോട് ജില്ലാ നേതൃത്വം വിശദീകരിക്കും. അരുവിക്കരയില്‍ ജില്ലാ നേതൃത്വം നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയതില്‍ ഇന്ന് ചേരുന്ന അരുവിക്കര മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നേക്കും.

എറണാകുളത്തും ദേവികുളത്തും സ്ഥാനാര്‍ത്ഥി കാര്യത്തിലുള്ള ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. എറണാകുളത്ത് യേശുദാസ് പറപ്പിള്ളിക്ക് പകരം ഷാജി ജോര്‍ജിനെ തന്നെ പരിഗണിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇന്ന് നിയോജക മണ്ഡലം കമ്മിറ്റികളില്‍ സ്ഥാനാര്‍ത്ഥികളാരെന്ന് റിപ്പോര്‍ട്ട് ചെയ്ത ശേഷം പി.ബിയുടെ അനുമതിയോടെ നാളെ പ്രഖ്യാപനം നടത്താനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.