മമതയെ പുറത്താക്കി വിമതര്‍: അരൂപ് റോയ് പുതിയ തൃണമൂല്‍ അധ്യക്ഷന്‍; അഭിഷേകിന് സസ്പെന്‍ഷന്‍

മമതയെ പുറത്താക്കി വിമതര്‍: അരൂപ് റോയ് പുതിയ തൃണമൂല്‍ അധ്യക്ഷന്‍; അഭിഷേകിന് സസ്പെന്‍ഷന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പിളര്‍പ്പിലേക്ക്. പാര്‍ട്ടിയുടെ സ്ഥാപക അധ്യക്ഷ മമത ബാനര്‍ജിയെ സ്ഥാനത്ത് നിന്ന് നീക്കി മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അരൂപ് റോയിയെ പുതിയ ചെയര്‍പേഴ്സണായി വിമത വിഭാഗം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ഈ നിര്‍ണായക നീക്കം.

മമതയുടെ പിന്‍ഗാമിയായി അറിയപ്പെട്ടിരുന്ന ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും വിമത ക്യാമ്പ് അറിയിച്ചു. 2022 ന് ശേഷം പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് കമ്മിറ്റി പുനസംഘടിപ്പിച്ചിട്ടില്ലെന്നും ഇത് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയെന്നുമാണ് വിമതരുടെ വാദം. 30 അംഗ പുതിയ സമിതി രൂപീകരിച്ച വിമതര്‍, തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ എന്ന് അവകാശപ്പെട്ട് ഉടന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.

അതേസമയം മമതയ്ക്ക് വേണമെങ്കില്‍ പാര്‍ട്ടിയുടെ മുഖ്യ ഉപദേശക പദവിയില്‍ തുടരാമെന്നും അവര്‍ വ്യക്തമാക്കി. ഫിര്‍ഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, രഥിന്‍ ഘോഷ്, സബീന യാസ്മിന്‍ എന്നിവരെ പുതിയ വൈസ് ചെയര്‍മാന്‍മാരായും ഋതബ്രത ബാനര്‍ജിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എന്നാല്‍ ഈ തീരുമാനങ്ങള്‍ക്ക് നിയമ സാധുതയില്ലെന്നും മമത ബാനര്‍ജി തന്നെയാണ് ഇപ്പോഴും തൃണമൂല്‍ അധ്യക്ഷയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. നിയമസഭയ്ക്ക് പിന്നാലെ പാര്‍ട്ടി സംഘടനയിലും ഭൂരിപക്ഷം നഷ്ടപ്പെടുന്നത് മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.