തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മരുന്ന് വ്യാപനം തടയുന്നതിനായി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി കൈകോര്‍ക്കാന്‍ കേരളത്തിന്റെ നിര്‍ണായക നീക്കം. അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ വേരറുക്കാന്‍ സംയുക്ത പ്രതിരോധം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ ഏകോപിതമായ പ്രവര്‍ത്തനം വഴി മാത്രമേ ലഹരി മാഫിയകളെ ഫലപ്രദമായി നേരിടാനാകൂ എന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ഓപ്പറേഷന്‍ തൂഫാന്‍ വഴി നിലവില്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. മയക്ക് മരുന്ന് കടത്തുകാരുടെ സാമ്പത്തിക സ്രോതസുകള്‍ തകര്‍ക്കുക, അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കേരളം, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി അതിര്‍ത്തികള്‍, പ്രധാന റോഡ് ഇടനാഴികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിദ്യാര്‍ഥി ശൃംഖലകള്‍, നഗരങ്ങളിലെ വിതരണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കര്‍ശന നിരീക്ഷണം ഉറപ്പാക്കും.
അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ കൃത്യമായ തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും ഉറപ്പാക്കാന്‍ നാല് സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ലഹരി മാഫിയകളുടെ അന്തര്‍സംസ്ഥാന, അന്തര്‍ദേശീയ ശൃംഖലകളെ തകര്‍ക്കാന്‍ അതിര്‍ത്തികള്‍ കടന്നുള്ള ഉദ്യോഗസ്ഥതല ഏകോപനം അനിവാര്യമാണ്. നിരവധി പ്രമുഖ കടത്തുകാരെ ഇതിനകം തന്നെ കേരള പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ട്.
തുടര്‍ നടപടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖര്‍, ടാക്ടിക്കല്‍ കമാന്‍ഡര്‍ പുട്ട വിമലാദിത്യ എന്നിവരടങ്ങുന്ന സംഘം അയല്‍ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നേരിട്ട് ചര്‍ച്ച നടത്താന്‍ തയാറാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.