കൊച്ചി: സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടിങ് നിയന്ത്രിക്കാനെന്ന പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊണ്ടുവന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതികള്‍ക്കെതിരെ ക്രൈസ്തവ സഭയില്‍ പ്രതിഷേധം. കാതലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ആഹ്വാന പ്രകാരം ഇന്ന് രാജ്യ വ്യാപകമായി കത്തോലിക്കാ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കും. കേവലം സാമ്പത്തിക ഓഡിറ്റിങിനപ്പുറം പ്രസ്ഥാനങ്ങളുടെ സാമൂഹിക നിലപാടുകളെപ്പോലും നിരീക്ഷണത്തിലാക്കാനുള്ള കേന്ദ്ര നീക്കമാണ് പുതിയ ഭേദഗതിയെന്ന് സഭകള്‍ ആരോപിക്കുന്നു.
വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് സഭകള്‍ പ്രതിരോധം ശക്തമാക്കുന്നത്. ഇത്തവണ ഭേദഗതികളില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ കടുപ്പമേറിയ ചില നിര്‍ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്.
എഫ്‌സിആര്‍എ അക്കൗണ്ടുള്ള സംഘടനകള്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, സഭയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങള്‍ ഡിജിറ്റല്‍ ഫൂട്ട്പ്രിന്റായി സര്‍ക്കാരിന് സമര്‍പ്പിക്കണം. ഇത് മൗലികാവകാശ ലംഘനവും പൗരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് മാര്‍ത്തോമ്മാ ഓര്‍ത്തഡോക്‌സ് സഭയുടെ മീഡിയ വിഭാഗം തലവന്‍ യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും കാരണവശാല്‍ എഫ്‌സിആര്‍എ ലൈസന്‍സ് റദ്ദാക്കപ്പെടുകയോ, പുതുക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ ആ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്ഥാപനങ്ങളും സ്വത്തുക്കളും താല്‍കാലികമായി ഏറ്റെടുക്കാന്‍ കേന്ദ്രം നിയോഗിക്കുന്ന ഡെസിഗ്‌നേറ്റഡ് അതോറിറ്റിക്ക് അധികാരമുണ്ടാകും. ചെറിയൊരു സാങ്കേതിക പിഴവ് ഉണ്ടായാല്‍ പോലും ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാകുമോ എന്ന ഭീതിയിലാണ് സഭകള്‍.
കേരളത്തിന് പുറത്തുള്ള പിന്നോക്ക മേഖലകളിലെ ചാരിറ്റി, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ചട്ടങ്ങള്‍ വലിയ കൂച്ചുവിലങ്ങായി മാറും. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ച് പൂര്‍ണമായും സുതാര്യമായാണ് സഭ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വ്യവസായങ്ങള്‍ക്കും ഖനനങ്ങള്‍ക്കും നിയമങ്ങള്‍ ലളിതമാക്കുമ്പോള്‍, നിര്‍ധനരെ സഹായിക്കുന്ന മാനവസേവന പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഖേദകരമാണ്. പുതിയ ഭേദഗതികള്‍ ന്യൂനപക്ഷ സമുദായങ്ങളുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കുന്നു.
ലൈസന്‍സ് പുതുക്കല്‍ പ്രക്രിയ സങ്കീര്‍ണമാക്കി സന്നദ്ധ മേഖലയെ തളര്‍ത്താനാണ് നീക്കം. അതേസമയം ക്രൈസ്തവ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഈ നിയമ ഭേദഗതി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് മുന്നണികള്‍. സഭകളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്ന് എന്‍ഡിഎ നേതൃത്വം വ്യക്തമാക്കുമ്പോള്‍, ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്ന ആരോപണവുമായി എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കുന്നത് അടക്കമുള്ള കൂടുതല്‍ ജനാധിപത്യ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് സഭകളുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.