കോപ്പന്‍ ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി നിരോധിക്കണമെന്ന ആവശ്യവുമായി ഇമിഗ്രേഷന്‍ മന്ത്രി മോര്‍ട്ടന്‍ ബോഡ്സ്‌കോവ്. രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടാല്‍ ഇസ്ലമാബാദിന്റെ ഒരു പ്രാന്ത പ്രദേശം പോലെയാണ് തോന്നുന്നതെന്നും ഡെന്‍മാര്‍ക്കിലെ പൊതുവിടങ്ങള്‍ പതുക്കെ ഇസ്ലാമികവല്‍ക്കരിക്കപ്പെടുകയാണെന്നും ബോഡ്‌സ്‌കോവ് ആരോപിച്ചു.
'ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കാന്‍ പാടില്ല. അതിന് ഡെന്‍മാര്‍ക്കില്‍ സ്ഥാനമില്ല. ഡെന്‍മാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഇസ്ലമാബാദിന്റെ പ്രാന്തപ്രദേശത്ത് എത്തിപ്പെട്ടെന്നു തോന്നരുത്' - അദേഹം പറഞ്ഞു.
ഉച്ചഭാഷിണിയിലൂടെയുള്ള പരസ്യമായ ഇസ്ലാമിക പ്രാര്‍ത്ഥനാ വിളിക്ക് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന് ഡെന്‍മാര്‍ക്ക് പരിശോധിച്ചു വരികയാണ്. മതസ്വാതന്ത്ര്യത്തിനായുള്ള രാജ്യത്തിന്റെ ഭരണഘടനാപരമായ പരിരക്ഷകളെ മാനിച്ചുകൊണ്ട് തന്നെ ഈ നിയന്ത്രണം എങ്ങനെ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ അന്വേഷിച്ചു വരികയാണെന്ന് ബോഡ്‌സ്‌കോവ് വ്യക്തമാക്കി.
പൊതുസ്ഥലങ്ങളില്‍ മുഖം പൂര്‍ണമായി മറയ്ക്കുന്ന നിഖാബ് ഈ വര്‍ഷം ആദ്യം ഡെന്‍മാര്‍ക്ക് നിരോധിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേക പ്രാര്‍ത്ഥനാ മുറികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശവും ഈ നിയമ നിര്‍മാണത്തിന്റെ ഭാഗമായിരുന്നു.
പൊതുവിടങ്ങളിലെ മതപരമായ ആവിഷ്‌കാരങ്ങളേക്കാള്‍ ജനാധിപത്യത്തിനാണ് മുന്‍ഗണന എന്ന് വ്യക്തമാക്കി ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ കഴിഞ്ഞ വര്‍ഷം ഈ നിയമ നിര്‍മാണത്തെ ന്യായീകരിച്ചിരുന്നു. സര്‍വ്വകലാശാലകളിലെ പ്രാര്‍ത്ഥനാ മുറികള്‍ സാമൂഹിക നിയന്ത്രണത്തിനും അടിച്ചമര്‍ത്തലിനും ഉപയോഗിച്ചേക്കാമെന്ന് ഫ്രെഡറിക്സണ്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.