കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ കേരളത്തില്‍ നിറഞ്ഞു നിന്ന എല്‍ഡിഎഫിന്റെ കരുത്തനായ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇക്കുറി പൂര്‍ണ വിശ്രമത്തില്‍. കഴിഞ്ഞ തവണ അമരത്തുനിന്നു പാര്‍ട്ടിയെയും മുന്നണിയെയും വിജയിപ്പിച്ച വി.എസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
പിണറായി പക്ഷത്തിന്റെ സമര്‍ത്ഥമായ കരുനീക്കങ്ങളും പ്രായാധിക്യവും വി.എസിന് പ്രതികൂല ഘടകമായി മറുകയായിരുന്നു. പിന്നീട് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന ആലങ്കാരിക പദവി നല്‍കി മുതിര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടി ഒതുക്കുകയായിരുന്നു.
അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയവും നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും ലളിതമായ ജീവിതവുമാണ് വി.എസിന്റെ ജനപ്രീതിക്കു കാരണം. 1967 മുതല്‍ 2016-വരെ ഏഴ് തവണ നിയമസഭയിലെത്തി. ഒരു തവണ മുഖ്യമന്ത്രി. മൂന്നു തവണ പ്രതിപക്ഷ നേതാവ്. 1996-ല്‍ മാരാരിക്കുളത്ത് വി.എസിന് സംഭവിച്ച തോല്‍വിയാണ് സി.പി.എമ്മില്‍ വിഭാഗീയതയ്ക്കു കാരണമായത്. 1985 മുതല്‍ പി.ബി. അംഗമായിരുന്ന വി.എസിനെ പാര്‍ട്ടി തരംതാഴ്ത്തിയതും ചരിത്രം. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുരുക്കാന്‍ വി.എസ് ആസൂത്രിത ശ്രമം നടത്തിയെന്നായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍.
മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് വി.എസ്. മന്ത്രിയായിട്ടില്ല. പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ വി.എസ്. തോല്‍ക്കുകയാ വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയോ ചെയ്യുന്ന സ്ഥിതിയായിരുന്നു. ഏറ്റവും പ്രായം ചെന്ന കേരളാ മുഖ്യമന്ത്രിയായിരുന്നു വി.എസ്. 2006 മേയ് 18-ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വി.എസിന് 83 വയസായിരുന്നു.
വിഭാഗീയത ശക്തമായത് 2011ലെ തെരഞ്ഞെടുപ്പിലാണ്. വി.എസ് മത്സരിക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാല്‍ വി.എസ്. മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കു വന്‍ പരാജയം സംഭവിക്കുമെന്നു ചില കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പി.ബിയെ രഹസ്യമായി അറിയിച്ചു. തുടര്‍ന്ന് വി.എസ്. മത്സരിക്കണമെന്ന് പി.ബി തീരുമാനിച്ചു. ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം നഷ്ടമായി. യു.ഡി.എഫ്. 72, എല്‍.ഡി.എഫ്.-68 സീറ്റുകള്‍ നേടി.
കുറച്ചുകൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമായിരുന്നുവെന്ന തോന്നല്‍ സി.പി.എമ്മില്‍ അന്നു ശക്തമായിരുന്നു. താന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതു തടയാന്‍ പാര്‍ട്ടി തോറ്റു കൊടുത്തതാണോയെന്ന സന്ദേഹം വി.എസിനുണ്ടായിരുന്നു. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ച പാര്‍ട്ടി പ്രമേയത്തില്‍ വി.എസിനെ വിശേഷിപ്പിച്ചതു പാര്‍ട്ടിവിരുദ്ധ മനോഭാവമുള്ളയാള്‍ എന്നായിരുന്നു. വി.എസ്. ബഹിഷ്‌കരിച്ച ആ സമ്മേളനം അദ്ദേഹത്തെ കുറ്റവിചാരണ നടത്തി. എന്നാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ വീണ്ടും പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ ''പ്രായാധിക്യം'' മറന്നു രംഗത്തിറങ്ങി.
സി.പി.എമ്മിന്റെ പരമ്പരാഗത ഈഴവവോട്ടില്‍ വിള്ളല്‍ വീഴ്ത്താനുള്ള വെള്ളാപ്പള്ളി നടേശന്റെ തന്ത്രത്തെ പ്രതിരോധിക്കാനും വി.എസ്. രംഗത്തുവന്നു. എല്ലാം കഴിഞ്ഞു തെരഞ്ഞെടുപ്പു വന്നപ്പോള്‍ വി.എസിനെ മാറ്റിനിര്‍ത്താന്‍ നീക്കമുണ്ടായെങ്കിലും യെച്ചൂരിയുടെ കാര്‍ക്കശ്യത്താല്‍ അതു പാളി. മലമ്പുഴയില്‍ വി.എസ് മത്സരിച്ച് ജയിക്കുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയില്‍ വേലിക്കകത്തു വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20-ന് ജനിച്ച വി.എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.