ബംഗളൂരു: യുവതിയെ സൊമാറ്റോ ഡെലിവറി ബോയ് മർദിച്ചെന്ന പരാതിയിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഡെലിവറി ബോയ് കാമരാജ്. ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിനെതുടർന്നുണ്ടായ തർക്കത്തിൽ യുവതിയാണ് തന്നെ ആദ്യം മർദിച്ചതെന്നു കാമരാജ് മാധ്യമങ്ങളോട് പറഞ്ഞു. കാമരാജ് മൂക്ക് ഇടിച്ച് പരുക്കേൽപ്പിച്ചെന്നാണു കണ്ടൻ്റ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെ പരാതിപെട്ടത്. മൂക്കിൽനിന്ന് ചോരയൊഴുകുന്ന നിലയിൽ യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ചൊവ്വാഴ്ച നടന്ന സംഭവം പിറ്റേന്ന് പുറത്തറിഞ്ഞത്. യുവതിയുടെ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുക്കുകയും കാമാരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജോലിയിൽനിന്നും പുറത്താക്കി.
എന്നാൽ, തന്നെ ചെരുപ്പൂരി അടിക്കുന്നതിനിടെ അവരുടെ തന്നെ മോതിരം മൂക്കിൽ തട്ടിയാണ് യുവതിക്ക് പരുക്കേറ്റതെന്ന് കാമരാജ് മൊഴി നൽകി. ഗതാഗതക്കുരുക്കു കാരണം ഭക്ഷണം എത്തിക്കാൻ വൈകി. ക്ഷമ ചോദിചാണ് ഭക്ഷണം കൈമാറിയത്. എന്നാൽ അവർ പണം തന്നില്ല. തന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുമെന്നു പറഞ്ഞപ്പോൾ യുവതി അധിക്ഷേപിക്കുകയും ചെയ്‌തു. അതിനിടെ ഓർഡർ റദ്ദായി. തുടർന്ന് ഭക്ഷണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഒടുവിൽ പോകാനൊരുങ്ങിയപ്പോൾ അപ്രതീക്ഷിതമായി ചെരിപ്പൂരി അടിക്കാൻ തുടങ്ങി. തടയാൻ ശ്രമിക്കുന്നതിനിടെ അവരുടെ മോതിരം അബദ്ധത്തിൽ മൂക്കിൽകൊണ്ടാണ് ചോര വന്നത് -കാമരാജ് കൂട്ടിച്ചേർത്തു.
സൊമാറ്റോ ഡെലിവറി ബോയ് വീട്ടിൽ അതിക്രമിച്ച് കയറി പരുക്കേൽപ്പിച്ചെന്നായിരുന്നു ഹിതേഷ ചന്ദ്രാനിയുടെ ആരോപണം. വൈകിയതിനാൽ ഓർഡർ വേണ്ടെന്ന് അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതിൽ തുറന്ന് അകത്ത് കയറാൻ ശ്രമിച്ചപ്പോൾ താൻ ചെരുപ്പുകൊണ്ട് അടിച്ചു. അപ്പോൾ യുവാവ് മുഖത്ത് ഇടിക്കുകയായിരുന്നു എന്നായിരുന്നു ഹിതേഷയുടെ വെളിപ്പെടുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.