ലണ്ടന്‍: ഇരട്ടക്കുട്ടികള്‍ ജനിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അത്തരക്കാര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ലോകത്തെ ഇരട്ടക്കുട്ടികളുടെ ജനനനിരക്ക് അതിശയകരമായ രീതിയില്‍ ഉയരുന്നു. വളരെ കൗതുകകരവും എന്നാല്‍ ചിന്തിക്കേണ്ടതുമായ റിപ്പോര്‍ട്ട്. ലോക രാജ്യങ്ങളിലെ ഇരട്ടക്കുട്ടികളുടെ ജനനം സംബന്ധിച്ച ആദ്യത്തെ സമഗ്ര സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളില്‍ പഠനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഗവേഷകര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടാണിത്.
നവജാത ശിശുക്കളില്‍ 42 ല്‍ ഒരു ജനനം ഇരട്ടക്കുട്ടിയാണെന്നാണ് കണ്ടെത്തല്‍. ഈ കണക്കനുസരിച്ച് പ്രതിവര്‍ഷം 1.6 ദശലക്ഷം ഇരട്ടക്കുട്ടികള്‍ പിറവിയെടുക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 1980 കള്‍ക്കുശേഷം ഇതാദ്യമായാണ് ഇരട്ടക്കുട്ടികളുടെ ജനനനിരക്കില്‍ ഗണ്യമായ വര്‍ദ്ധനവ് കണ്ടെത്തിയത്. ആഗോള തലത്തില്‍ നോക്കിയാല്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള ജനനനിരക്ക് മൂന്നിലൊന്ന് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ പ്രവണത തുടര്‍ന്നാല്‍ ലോകം ഇരട്ടക്കുട്ടികളുടെ ജനനത്തില്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് ചില രാജ്യങ്ങളില്‍ ഈ കണക്കുകള്‍ റെക്കോഡ് തലങ്ങളിലേക്ക് എത്താന്‍ തുടങ്ങിയെന്നാണ്.
മുമ്പൊക്കെ ഇരട്ടക്കുട്ടികളുടെ ജനനത്തിന് നിദാനമായി പറഞ്ഞിരുന്നത് കുടുംബ പശ്ചാത്തലമാണ്. സ്ത്രീകളുടെ കുടുംബ പാരമ്പര്യമാണ് ഇതിന് പരിഗണിച്ചിരുന്നത്. അമ്മയ്ക്കോ അതിന് മുമ്പുള്ള തലമുറയ്ക്കോ ഇരട്ടക്കുട്ടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒന്നിടവിട്ട തലമുറകളില്‍ ഇത് ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. മുമ്പ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടെങ്കിലും വീണ്ടും സാധ്യതയുണ്ട്. കൊളസ്ട്രോള്‍ കുറഞ്ഞ ആഹാരം ശീലമാക്കുന്ന സ്ത്രീകള്‍ക്ക് ഒന്നിലധികം കുട്ടികള്‍ ഒരുമിച്ച് ജനിക്കുവാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.
ഇരട്ടക്കുട്ടികളുടെ ജനനം സംബന്ധിച്ച് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സോഷ്യോളജി, ഡെമോഗ്രഫി പ്രൊഫസര്‍ ക്രിസ്റ്റിയാന്‍ മൊണ്ടന്‍ പറയുന്നത് ഇങ്ങനെയാണ്. 'കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ സമ്പന്നവും വികസിതവുമായ രാജ്യങ്ങളില്‍ ഇരട്ട ജനന നിരക്കില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മുമ്പൊരിക്കലും ഇത്തരമൊരു പ്രവണത കണ്ടിട്ടില്ല. ഹോര്‍മോണ്‍ ചികിത്സ, ഐവിഎഫ്, മറ്റ് ഫെര്‍ട്ടിലിറ്റി ചികിത്സകള്‍ എന്നിവയിലേക്ക് എത്തുന്നതും അവ വര്‍ദ്ധിക്കുന്നതും ഈ മാറ്റത്തിന് പ്രധാന കാരണ്'.
2010-15 വരെയുള്ള കാലയളവില്‍ ലോകരാജ്യങ്ങളിലെ ഇരട്ട ജനനനിരക്ക് വിശകലനം ചെയ്തുകൊണ്ട് ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഇത്തരം പരാമര്‍ശം ഉള്ളത്. ഇരട്ടകുട്ടികളെ സ്വപ്നം കാണുന്നവര്‍ക്ക് ഈ റിപ്പോര്‍ട്ട് ആശ്വാസമാകും എന്നതില്‍ സംശയമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.