കൊല്‍ക്കത്ത: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണത്തിനൊരുങ്ങുന്നു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ സംസ്ഥാനങ്ങളിലെത്തി പ്രചരണം നടത്തുമെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി ഇത്തവണ അധികാരം പ്രതീക്ഷിക്കുന്ന പശ്ചിമ ബംഗാളില്‍ തന്നെ കര്‍ഷക നേതാക്കളുടെ ആദ്യ സംഘമെത്തി. കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ എട്ട് നേതാക്കളാണ് കൊല്‍ക്കത്തയിലെത്തിയത്. മൂന്ന് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ബിജെപിക്കെതിരെ അവര്‍ പ്രചരണം നടത്തും. അഞ്ചോളം റാലികളെയും കര്‍ഷക നേതാക്കള്‍ അഭിസംബോധന ചെയ്യും.
മുഖ്യമന്ത്രി മമത ബാനര്‍ജി ജനവിധി തേടുന്ന നന്ദിഗ്രാമിലെ റാലിയിലും കര്‍ഷക നേതാക്കള്‍ പങ്കെടുക്കും. മുതിര്‍ന്ന നേതാക്കളായ രാകേഷ് ടികായത്, ബല്‍ബീര്‍ സിങ് രാജേവാള്‍, ഗുണാം സിങ് ചാരുണി, ദര്‍ശന്‍ പാല്‍, യോഗേന്ദ്ര യാദവ്, യുദ്ബീര്‍ സിങ്, മഞ്ജിത് സിങ്, ഹിമാന്‍ഷു തിവാരി എന്നിവരാണ് ബംഗാള്‍ എത്തിയിരിക്കുന്നത്. പശ്ചിമ ബംഗാള്‍ കിസാന്‍ മഹാപഞ്ചായത്താണ് ബിജെപിക്കെതിരായി റാലികള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് നാല് മുതല്‍ തന്നെ സംഘടന ബിജെപി വിരുദ്ധ ക്യാമ്പയിന് തുടക്കമിട്ടിരുന്നു.
കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ബിജെപിയെ തോല്‍പ്പിക്കണമെന്ന് മാത്രമേ പ്രചരണങ്ങളില്‍ കര്‍ഷകര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കൂ. പ്രതിപക്ഷത്തെ ഏതെങ്കിലും പാര്‍ട്ടിക്കായി പ്രത്യേകം വോട്ട് ചോദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇന്ന് പശ്ചിമ ബംഗാളില്‍ ആരംഭിക്കുന്ന ബിജെപി വിരുദ്ധ പ്രചരണ പരിപാടി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നിവിടങ്ങളിലും കര്‍ഷക നേതാക്കളെത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.