പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മേയ് ഒന്നിനകം കോവിഡ് 19 വാക്‌സിന്‍ ലഭ്യമാക്കാന്‍ യുഎസ്

പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മേയ് ഒന്നിനകം കോവിഡ് 19 വാക്‌സിന്‍ ലഭ്യമാക്കാന്‍ യുഎസ്

വാഷിങ്ടണ്‍: മുന്‍ഗണനാ നിയന്ത്രണം നീക്കി പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും മേയ് ഒന്നിനകം കോവിഡ് 19 വാക്‌സിനുള്ള അര്‍ഹത ലഭ്യമാക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഇതോടെ പ്രായം, തൊഴിൽ, ആരോഗ്യപരമായ അവസ്ഥ എന്നിവ അടിസ്ഥാനമാക്കി ആളുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള നിലവിലെ നടപടികള്‍ ഇല്ലാതാകും.

പ്രസിഡൻ്റിൻ്റെ ഈ ഉത്തരവിലുടെ യുഎസില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഉടനെ വാക്‌സിനേഷന്‍ ലഭ്യമാകും. മേയ് അവസാനത്തോടെ ഈ രാജ്യത്തെ എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. അധികാരമേറ്റെടുക്കുന്നതിന് മുമ്പ്, ആദ്യ 100 ദിവസങ്ങളില്‍ 10 കോടി വാക്‌സിന്‍ ഷോട്ടുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. 60-ാം ദിവസത്തിലെത്തുമ്പോള്‍ ലക്ഷ്യമിട്ടതിലും വളരെ മുന്നിലാണെന്നതില്‍ അഭിമാനിക്കുന്നുവെന്നു ജോ ബൈഡന്‍ പറഞ്ഞു.

കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമുള്ള കാര്‍ഡ് തൻ്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 5,27,726 അമേരിക്കക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ട് ലോക മഹായുദ്ധങ്ങള്‍, വിയറ്റ്‌നാം യുദ്ധം, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം എന്നിവയിലുണ്ടായ ആകെ മരണത്തില്‍ അധികമാണിത്-ബൈഡന്‍ പറഞ്ഞു.

വാക്‌സിനേഷന്‍ പ്രക്രിയ മുടക്കമില്ലാതെ നടക്കുമ്പോഴും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ പൗരന്മാര്‍ ചെയ്യണമെന്നും വൈറസിനെ പ്രതിരോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബൈഡന്‍ അമേരിക്കക്കാരോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെയെങ്കില്‍ ജൂലൈ നാലിന് അമേരിക്കന്‍ സ്വാതന്ത്ര്യദിനം സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ഭയമില്ലാതെ ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കോവിഡ് ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് യു.എസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.