ദുബായ്: യുഎഇയില്‍ കഴിഞ്ഞ നാല് മാസമായി തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരുന്ന ഇന്ധന വിലയില്‍ ജൂലൈയില്‍ കുറവുണ്ടായേക്കുമെന്ന് സൂചന. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഗണ്യമായ ഇടിവാണ് യുഎഇയിലെ വാഹന ഉടമകള്‍ക്ക് ആശ്വാസമാകുന്നത്. പുതിയ നിരക്കുകള്‍ ഇന്ധന വില നിര്‍ണയ സമിതി ഇന്ന് പ്രഖ്യാപിക്കും.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തിയ അന്താരാഷ്ട്ര എണ്ണ വിലയില്‍ കഴിഞ്ഞ ആഴ്ചകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിയിരുന്നു. മെയ് മാസത്തില്‍ ബാരലിന് ശരാശരി 106 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില ജൂണില്‍ 72 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്നു. മുന്‍ മാസത്തെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് യുഎഇയില്‍ ഇന്ധന നിരക്ക് നിശ്ചയിക്കുന്നത് എന്നതിനാല്‍ ഈ വിലക്കുറവ് ജൂലൈയിലെ നിരക്കുകളില്‍ നേരിട്ട് പ്രതിഫലിക്കും.
നിലവില്‍ ജൂണ്‍ മാസത്തില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.95 ദിര്‍ഹവും, സ്‌പെഷ്യല്‍ 95 ന് 3.83 ദിര്‍ഹവുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ജൂലൈയില്‍ സൂപ്പര്‍ 98 പെട്രോള്‍ വില ലിറ്ററിന് 3.40 മുതല്‍ 3.60 ദിര്‍ഹം വരെയുള്ള നിരക്കിലേക്ക് താഴ്‌ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ആഗോളതലത്തില്‍ എണ്ണക്കടത്തിന് ഉപയോഗിക്കുന്ന തന്ത്ര പ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സാധാരണ നിലയിലായതാണ് എണ്ണ വില കുറയാന്‍ പ്രധാന കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ യുഎസും ഇറാനും തമ്മില്‍ ഗള്‍ഫ് മേഖലയിലുണ്ടായ നേരിയ സൈനിക നീക്കങ്ങള്‍ വിപണിയില്‍ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, വരും ദിവസങ്ങളില്‍ മറ്റ് വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരുന്നാല്‍ ജൂലൈയില്‍ യുഎഇയില്‍ കാര്യമായ വിലക്കുറവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.