ഓസ്‌ട്രേലിയയിലെ പാഠ്യപദ്ധതിയില്‍ മലയാളം ഉള്‍പ്പെടുത്തണം; നിവേദനം നല്‍കാന്‍ ആഹ്വാനം ചെയ്ത് മാര്‍ ബോസ്‌കോ പുത്തൂര്‍

ഓസ്‌ട്രേലിയയിലെ പാഠ്യപദ്ധതിയില്‍ മലയാളം ഉള്‍പ്പെടുത്തണം; നിവേദനം നല്‍കാന്‍ ആഹ്വാനം ചെയ്ത് മാര്‍ ബോസ്‌കോ പുത്തൂര്‍

മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം-
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രികള്‍
മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍.

മലയാള ഭാഷയെക്കുറിച്ച് മഹാകവി വള്ളത്തോളിന്റെ വരികള്‍.

നമ്മുടെ സംസ്‌കാരം സജീവമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം ഭാഷകളാണ്. ഓരോരുത്തരുടേയും സംസ്‌കാരവും പൈതൃകവുമായി പരസ്പരം ബന്ധിപ്പിക്കാന്‍ മാതൃഭാഷ സഹായിക്കുന്നു.
മലയാളിയ്ക്ക് അഭിമാനവും അതിലേറെ സന്തോഷവും നല്‍കുന്ന വാര്‍ത്തയാണ് ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. വിക്ടോറിയ സ്‌ക്കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മലയാളി സമൂഹം മുന്നോട്ടു വന്നിരിക്കുന്നു. ഇതുസംബന്ധിച്ച നിവേദനത്തിൽ പങ്കുകാരകരാകാൻ അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവ് അഹ്വനം ചെയ്യ്തു .

ചരിത്രത്തോളം പഴക്കമുള്ള ഭാഷയാണ് മലയാളം. ആ ഭാഷ ചരമമടയുകയാണോ എന്നുപോലും തോന്നിയിരുന്ന ഒരു കാലഘട്ടത്തില്‍, മലയാള ഭാഷയ്ക്ക് ഇത്രയും പ്രധാന്യം ഒരു വിദേശ രാജ്യം കല്‍പ്പിച്ചു നല്‍കുമ്പോള്‍ ഓരോ മലയാളിക്കും അത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്. സന്ദേശങ്ങള്‍ ഇന്റര്‍നെറ്റ്, ഇ-മെയില്‍, മൊബൈല്‍ എസ്.എം.എസ് എന്നിവയ്ക്ക് വഴിമാറിയപ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കുമുന്നില്‍ മലയാളഭാഷ അടിയറവുപറയേണ്ടിവരുമോ എന്ന് ഭയന്നിരുന്നു. എന്നാല്‍ ഭാഷയ്ക്ക് മരണമില്ലായെന്ന് വീണ്ടും തെളിയുകയാണ്.

വിക്‌ടോറിയയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണം എന്ന ആവശ്യമാണ് പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്. വിക്ടോറിയന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എജ്യുക്കേഷന്‍(വി.സി.ഇ) തലത്തില്‍ മലയാളം ഉള്‍പ്പെടുത്തിയാല്‍ ആ രാജ്യത്ത് ജനിച്ച് വളര്‍ന്ന മലയാളികളായ കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പ്രാവിണ്യം നേടാന്‍ കഴിയും. മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി അത് മലയാളികളായ കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും, മലയാളഭാഷയെ മുഖ്യധാരയില്‍ എത്തിക്കണമെന്നുമുള്ള ഒരു കൂട്ടം മലയാളികളുടെ ഉറച്ച തീരുമാനം. അത് പ്രാവര്‍ത്തികമാക്കപ്പെടുമ്പോള്‍ മലയാളഭാഷയ്ക്ക് ചരിത്ര നേട്ടമായിരിക്കും.

2013 മുതല്‍ വിക്ടോറിയന്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജ്‌സ് (Victorian school of languages ) മലയാളം ഒരു ഭാഷയായി പഠിപ്പിക്കുന്നുണ്ട്. ആറാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്കാണ് ഇപ്പോള്‍ ഭാഷ പഠനം നല്‍കുന്നത്. എന്നാല്‍ മലയാളം ഇതുവരെ സര്‍ട്ടിഫിക്കറ്റ് ഓഫ് എജ്യുക്കേഷന്റെ ഭാഗമായിട്ടില്ല. ഇതിന്റെ ഭാഗമാക്കുന്നതിനുവേണ്ടിയാണ് ശ്രമിക്കുന്നത്. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മലയാളം ഔദ്യോഗികമായി പഠിക്കാന്‍ ഇതുമൂലം സാധിക്കും.

ലോകത്തിലുള്ള 2796 ഭാഷകളില്‍ മലയാളിത്തിന് 77-ാം സ്ഥാനമാണുള്ളത്. കേവലം 80 ലക്ഷം പേര്‍ സംസാരിക്കുന്ന സ്വീഡിഷ് ഭാഷയ്ക്കും 100 ലക്ഷംപേര്‍ സംസാരിക്കുന്ന ഗ്രീക്ക് ഭാഷയ്ക്കും ലോകത്തിലുള്ള വലിയ സ്ഥാനം ആലോചിക്കുമ്പോള്‍ നമ്മള്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ടിയിരിക്കുന്നു. അവര്‍ക്ക് അവരുടെ മാതൃഭാഷയോടുള്ള സ്നേഹവും ആദരവും കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. 300 ലക്ഷത്തിലധികം മലയാളികളുള്ള നമ്മുടെ കേരളം മാതൃഭാഷയോട് കാണിക്കുന്നത് ഒരു ജനതയും കാണിക്കാത്ത തരം അനാസ്ഥയാണ്. നാട് ഓടുമ്പോള്‍ നടുവേ അല്ല, ഒരു മുഴമെങ്കിലും മുന്നേ ഓടണം എന്നു വിശ്വസിച്ചു ഓടി തളര്‍ന്ന് നില്‍ക്കുമ്പോഴും മാതൃഭാഷയെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കൂട്ടം മലയാളികള്‍. ഇത് ലോകത്തിലുള്ള എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നിമിഷമാണ്. ചരിത്രം കുറിക്കാനുള്ള മലയാളിയുടെ മറ്റൊരു മുന്നേറ്റം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.