വഷിങ്ടൺ: യേശു ക്രിസ്തു ദൈവമാണെന്ന ആദിമസഭയുടെ അചഞ്ചലമായ വിശ്വാസത്തിന് ചരിത്രപരമായ സാക്ഷ്യം നൽകുന്ന 1800 വർഷം പഴക്കമുള്ള ‘മെഗിദോ മൊസൈക്ക്’ അമേരിക്കയിലെ ‘മ്യൂസിയം ഓഫ് ദി ബൈബിളിൽ’ പ്രദർശനത്തിനെത്തി. മൂന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും ശക്തമായ തെളിവുകളിലൊന്നായി കരുതപ്പെടുന്ന ഈ പുരാവസ്തു കാണാൻ വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 2026 ഡിസംബർ 31 വരെ ഈ ചരിത്രപ്രധാനമായ പ്രദർശനം സൗജന്യമായിരിക്കും.
2005 ൽ ഇസ്രയേലിലെ മെഗിദ്ദോയിൽ നടത്തിയ ഖനനത്തിലാണ് ക്രിസ്തുമത ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഈ കണ്ടെത്തൽ നടന്നത്. ഡെഡ് സീ ചുരുളുകൾക്ക് ശേഷം ഇസ്രായേലിൽ നിന്ന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തുവായാണ് മെഗിദോ മൊസൈക്ക് വിലയിരുത്തപ്പെടുന്നത്. റോമൻ ഭരണകൂടത്തിന്റെ ക്രൂരമായ മതമർദനങ്ങളുടെ കാലത്ത് രഹസ്യമായി ആരാധന നടത്തിയിരുന്ന ആദ്യകാല ക്രിസ്ത്യാനികളുടെ വിശ്വാസത്തെയാണ് ഈ മൊസൈക് വെളിപ്പെടുത്തുന്നത്.
ഈ മൊസൈക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന മൂന്ന് ലിഖിതങ്ങളിൽ മൂന്നാമത്തേതാണ് ചരിത്രകാരന്മാരെയും വിശ്വാസികളെയും ഒരുപോലെ അമ്പരപ്പിക്കുന്നത്. ‘അകെപ്തൂസ്’ എന്ന ധനികയായ ക്രിസ്തീയ സ്ത്രീ, വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള മേശ സമർപ്പിച്ചുകൊണ്ട് രേഖപ്പെടുത്തിയ വരികളിൽ ‘ദൈവമായ യേശുക്രിസ്തുവിന്’ എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. യേശു ഒരു പ്രവാചകനോ വെറും മനുഷ്യനോ അല്ല മറിച്ച് സാക്ഷാൽ ദൈവമാണെന്ന് മൂന്നാം നൂറ്റാണ്ടിൽത്തന്നെ ക്രൈസ്തവർ വിശ്വസിച്ചിരുന്നു എന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണിത്.
ഈ മൊസൈക്കിന്റെ മറ്റൊരു പ്രത്യേകത അതിൽ പരാമർശിച്ചിരിക്കുന്ന 'ഗായനസ്' എന്ന റോമൻ ശതാധിപനാണ്. ക്രൈസ്തവരെ വേട്ടയാടിയിരുന്ന റോമൻ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥൻ, തന്റെ സമ്പത്ത് ചെലവഴിച്ച് ക്രിസ്ത്യാനികളുടെ ആരാധനാലയത്തിനായി ഈ മൊസൈക് തറ നിർമ്മിക്കാൻ സഹായിച്ചു എന്നത് ശ്രദ്ധേയമാണ്. ക്രിസ്തുവിന്റെ സ്‌നേഹം ശത്രുക്കളുടെ ഹൃദയങ്ങളെപ്പോലും എങ്ങനെ രൂപാന്തരപ്പെടുത്തി എന്നതിന്റെ മനോഹരമായ ചരിത്രരേഖ കൂടിയാണിത്. ആദ്യകാല ക്രൈസ്തവ പ്രതീകമായ രണ്ട് മീനുകളുടെ ചിത്രങ്ങളും ഇതിൽ തുന്നിച്ചേർത്തിട്ടുണ്ട്.
ഭരണാധികാരികൾക്ക് മൂടിവെക്കാൻ കഴിയാത്ത, കാലത്തിന്റെ കുത്തൊഴുക്കിലും തകരാതെ അവശേഷിക്കുന്ന ആദിമസഭയുടെ വിശ്വാസത്തിന്റെ ജ്വലിക്കുന്ന തെളിവാണ് മെഗിദോ മൊസൈക്ക്. യേശുക്രിസ്തുവിന്റെ ദൈവത്വം ആദിമ സഭയുടെ ആധാരശിലയായിരുന്നു എന്ന് ഈ കണ്ടെത്തൽ ലോകത്തോട് വിളിച്ചുപറയുന്നു.
ചരിത്രപണ്ഡിതന്മാരും വിശ്വാസികളും ഒരുപോലെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഈ പുരാതന തെളിവ് വിശ്വാസത്തിന്റെ വേരുകൾ തേടിയുള്ള ഒരു തീർത്ഥയാത്രയായി മാറുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.