ഡല്‍ഹി ചര്‍ച്ചകള്‍ക്കൊടുവില്‍ ട്വിസ്റ്റ്: കോണ്‍ഗ്രസ് ലയനത്തിന് തടയിട്ട് ബിജെപി; ശരദ് പവാറിന് മുന്നില്‍ വന്‍ ഓഫറുകള്‍

ഡല്‍ഹി ചര്‍ച്ചകള്‍ക്കൊടുവില്‍ ട്വിസ്റ്റ്: കോണ്‍ഗ്രസ് ലയനത്തിന് തടയിട്ട് ബിജെപി; ശരദ് പവാറിന് മുന്നില്‍ വന്‍ ഓഫറുകള്‍

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി ശരദ് പവാറിന്റെ അടുത്ത നീക്കങ്ങളെക്കുറിച്ചുള്ള സസ്‌പെന്‍സ് തുടരുന്നു. കോണ്‍ഗ്രസുമായി എന്‍സിപി ലയിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ സജീവമായിരിക്കെ, അണിയറയില്‍ ബിജെപി ദേശീയ നേതൃത്വം ശരദ് പവാറുമായി നേരിട്ട് ചര്‍ച്ചകള്‍ ആരംഭിച്ചെന്ന പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.

പാര്‍ട്ടിയിലെ ഭൂരിപക്ഷം ജനപ്രതിനിധികളും പ്രതിപക്ഷത്ത് നില്‍ക്കുന്നതിനേക്കാള്‍ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് പവാര്‍ ക്യാമ്പ് പുനര്‍വിചിന്തനത്തിന് മുതിര്‍ന്നത്. എന്‍സിപിയുടെ ആകെയുള്ള എട്ട് എംപിമാരില്‍ അഞ്ച് പേരും കോണ്‍ഗ്രസ് ലയനത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. അന്തരിച്ച മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ പെടാതിരുന്നെങ്കില്‍ ഇരുവിഭാഗം എന്‍സിപിയും ഒന്നിച്ച് നേരത്തെ തന്നെ എന്‍ഡിഎയുടെ ഭാഗമാകുമായിരുന്നെന്നാണ് ഭൂരിപക്ഷ എംപിമാരുടെയും വാദം.

അതേസമയം മഹാരാഷ്ട്രയിലെ പ്രാദേശിക നേതാക്കളുടെ വികാരം കൂടി പരിഗണിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് പവാറുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മകള്‍ സുപ്രിയ സുലെയ്ക്ക് കേന്ദ്രത്തില്‍ അതിനിര്‍ണായകമായ പദവി നല്‍കുക, സംസ്ഥാന രാഷ്ട്രീയത്തില്‍ ഒപ്പമുള്ള മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ കടുത്ത നിബന്ധനകളാണ് പവാര്‍ ബിജെപിക്ക് മുന്നില്‍ വെച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് നേതാക്കളായ വിജയ് വഡേത്തിവാറും സതേജ് പാട്ടീലും ലയന സാധ്യതകള്‍ പരസ്യമാക്കിയതിന് പിന്നാലെയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് ബിജെപിയും നീക്കങ്ങള്‍ സജീവമാക്കിയത്. ഒരേസമയം രണ്ട് മുന്നണികളുമായും ചര്‍ച്ചകള്‍ സജീവമായി നിലനിര്‍ത്തുന്നതിലൂടെ തന്റെ രാഷ്ട്രീയ വിലപേശല്‍ ശേഷി പരമാവധി ഉയര്‍ത്താനാണ് രാഷ്ട്രീയ ചാണക്യനായ ശരദ് പവാര്‍ ശ്രമിക്കുന്നത്.

ഈ തന്ത്രപരമായ നീക്കം വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര ഭരണ-പ്രതിപക്ഷ സഖ്യങ്ങളില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.