ലഹരിക്കെതിരെയുള്ള വേട്ട ജയിലുകളെ ശ്വാസംമുട്ടിക്കുന്നു; കപ്പാസിറ്റിയേക്കാള്‍ രണ്ടായിരത്തിലധികം തടവുകാര്‍

ലഹരിക്കെതിരെയുള്ള വേട്ട ജയിലുകളെ ശ്വാസംമുട്ടിക്കുന്നു; കപ്പാസിറ്റിയേക്കാള്‍ രണ്ടായിരത്തിലധികം തടവുകാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായതോടെ കേരളത്തിലെ ജയിലുകള്‍ കടുത്ത പ്രതിസന്ധിയിലേക്ക്. കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിക്കേണ്ടി വരുന്നത് ജയില്‍ വകുപ്പിന് വലിയ തലവേദനയാവുകയാണ്. നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും രണ്ടായിരത്തിലധികം ആളുകളാണ് തടവില്‍ കഴിയുന്നത്.

മയക്കുമരുന്ന്, പോക്‌സോ കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് കോടതികള്‍ കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ചുമത്തുന്നതാണ് ജയിലുകളില്‍ ആളുകള്‍ നിറയാന്‍ പ്രധാന കാരണം. വിചാരണ നടപടികള്‍ നീണ്ടുപോകുന്നതിനാല്‍ മാസങ്ങളോളം പ്രതികള്‍ക്ക് അകത്ത് തന്നെ കഴിയേണ്ടി വരുന്നു. ഇതോടെ ശിക്ഷിക്കപ്പെട്ട തടവുകാരേക്കാള്‍ വിചാരണ നേരിടുന്ന റിമാന്‍ഡ് തടവുകാരുടെ എണ്ണമാണ് ഇപ്പോള്‍ ജയിലുകളില്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്.

തടവുകാരുടെ എണ്ണത്തിലുണ്ടായ ഈ അപ്രതീക്ഷിത വര്‍ധനവ് ജയിലുകളുടെ ദൈനംദിന ചിലവുകളെയും ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിനായുള്ള ചിലവുകള്‍ കുത്തനെ കൂടിയപ്പോള്‍, ജീവനക്കാരുടെ കുറവ് സുരക്ഷാ പ്രതിസന്ധിക്കും കാരണമാകുന്നു. അസുഖബാധിതരായ തടവുകാരെ ആശുപത്രികളില്‍ എത്തിക്കാന്‍ പോലും ആവശ്യത്തിന് പൊലീസുകാരെ ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവിധ ജയിലുകളിലായി അഞ്ഞൂറോളം ജീവനക്കാരുടെ ഒഴിവുകള്‍ നിലവിലുണ്ടെന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ പ്രമുഖ തടവറകളിലെല്ലാം ശേഷിയുടെ ഇരട്ടിയിലധികം ആളുകളാണ് ഇപ്പോള്‍ കഴിയുന്നത്. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍, ഇടുക്കി, പാലക്കാട് ജില്ലാ ജയിലുകള്‍ എന്നിവയില്‍ മാത്രമാണ് നിലവില്‍ ശേഷിയേക്കാള്‍ കുറവ് തടവുകാരുള്ളത്.

ലഹരി വേട്ട വരും ദിവസങ്ങളിലും ശക്തമായി തുടരാനിരിക്കെ, ജയിലുകളിലെ ഈ സ്ഥലംകമ്മി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നാണ് ജയില്‍ അധികൃതരുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.