ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ കുതിപ്പ്; വിക്രം-I വിക്ഷേപണത്തിനൊരുങ്ങി സ്‌കൈറൂട്ട്; സ്പേസ്എക്സ് ക്ലബ്ബിലേക്ക് ഇന്ത്യയും

ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ കുതിപ്പ്; വിക്രം-I വിക്ഷേപണത്തിനൊരുങ്ങി സ്‌കൈറൂട്ട്; സ്പേസ്എക്സ് ക്ലബ്ബിലേക്ക് ഇന്ത്യയും

ഹൈദരാബാദ്: ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ‘സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്’ തയ്യാറെടുക്കുന്നു. സ്വകാര്യ മേഖലയിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യത്തെ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-I’ വിക്ഷേപണത്തിന് സജ്ജമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ലോഞ്ച് പാഡിലാണ് റോക്കറ്റ് ഇപ്പോൾ വിക്ഷേപണത്തിനായി ഒരുങ്ങിനിൽക്കുന്നത്.

‘മിഷൻ ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ജൂലൈ 12-നും ഓഗസ്റ്റ് നാലിനും ഇടയിലുള്ള വിക്ഷേപണ വിൻഡോയിൽ നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. പൂർണമായും കാർബൺ കംപോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച ഏഴ് നില ഉയരമുള്ള ഈ മൾട്ടിസ്റ്റേജ് റോക്കറ്റ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ കരുത്ത് പകരും.

ഈ ദൗത്യം വിജയിക്കുകയാണെങ്കിൽ സ്പേസ്എക്സ്, ബ്ലൂ ഒറിജിൻ, റോക്കറ്റ് ലാബ് തുടങ്ങിയ ആഗോള ഭീമന്മാർക്ക് മാത്രം സാധ്യമായ ‘ഓർബിറ്റൽ ലോഞ്ച്’ നേട്ടം സ്വന്തമാക്കുന്ന അപൂർവ്വം സ്വകാര്യ കമ്പനികളുടെ പട്ടികയിലേക്ക് സ്‌കൈറൂട്ട് ഉയരും. 2022 നവംബറിൽ ‘വിക്രം-എസ്’ എന്ന റോക്കറ്റിലൂടെ സബ്ഓർബിറ്റൽ പരീക്ഷണം നടത്തി സ്‌കൈറൂട്ട് നേരത്തെ തന്നെ ചരിത്രം കുറിച്ചിരുന്നു. എന്നാൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ യഥാർത്ഥ ഓർബിറ്റൽ ദൗത്യമാണ് ഇത്.

പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ത്രീഡി പ്രിന്റഡ് എൻജിനുകളും ഉയർന്ന ശേഷിയുള്ള സോളിഡ്-ഫ്യുവൽ ബൂസ്റ്ററുകളുമാണ് ഇതിന്റെ കരുത്ത്. ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള താഴ്ന്ന ഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം വരെയുള്ള ചെറിയ ഉപഗ്രഹങ്ങളെ എത്തിക്കാൻ വിക്രം-I-ന് സാധിക്കും.

റോക്കറ്റ് കുതിച്ചുയരുന്നത് മുതൽ ഉപഗ്രഹങ്ങളെ വേർപെടുത്തുന്നത് വരെയുള്ള പ്രവർത്തനങ്ങളുടെ തത്സമയ വിവരങ്ങൾ ശേഖരിക്കുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ മണ്ണിൽ നിന്ന് സ്വകാര്യ കമ്പനികൾ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി നടപ്പിലാക്കുന്നത് ലോക ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.