കാശ്മീരിലെ സ്‌കൂളുകളില്‍ ഭീകരരെ പുകഴ്ത്തുന്ന പുസ്തകം വിതരണം ചെയ്തതില്‍ വിവാദം: ഉന്നതതല അന്വേഷണത്തിന് ഉത്തരവ്; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

കാശ്മീരിലെ സ്‌കൂളുകളില്‍ ഭീകരരെ പുകഴ്ത്തുന്ന പുസ്തകം വിതരണം ചെയ്തതില്‍ വിവാദം: ഉന്നതതല അന്വേഷണത്തിന് ഉത്തരവ്; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറികളില്‍ വിതരണം ചെയ്ത പേഴ്സണാലിറ്റീസ് ആന്‍ഡ് ലെജന്‍ഡ്സ് ഓഫ് ജെ ആന്‍ഡ് കെ എന്ന പുസ്തകത്തെച്ചൊല്ലി താഴ്‌വരയില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. സ്‌കൂള്‍ ലൈബ്രറികളിലേക്ക് ഔദ്യോഗികമായി വിതരണം ചെയ്ത ഈ പുസ്തകത്തില്‍ കടുത്ത വിഘടനവാദ ആശയങ്ങളും ഭീകരര്‍ക്ക് അനുകൂലമായ പരാമര്‍ശങ്ങളും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അധികൃതര്‍ പുസ്തകം അടിയന്തരമായി പിന്‍വലിച്ചു.

സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ജമ്മു കാശ്മീര്‍ സമഗ്ര ശിക്ഷയുടെ ഔദ്യോഗിക ലോഗോ പതിപ്പിച്ചു പുറത്തിറക്കിയ പുസ്തകത്തില്‍ കശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നും ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ജെകെഎല്‍എഫ് ഭീകരന്‍ മക്ബൂല്‍ ഭട്ടിനെ ശഹീദ് (രക്തസാക്ഷി) എന്ന് വിശേഷിപ്പിച്ച പുസ്തകത്തില്‍, വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മസറത്ത് ആലം, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലാണ് ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപുറമേ 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ പ്രശംസിക്കുന്ന ഭാഗങ്ങളും പുസ്തകത്തിലുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്.

വിവാദ പുസ്തകം കേന്ദ്രഭരണ പ്രദേശത്തെ നിരവധി സ്‌കൂളുകളില്‍ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞതായി ജമ്മു കാശ്മീര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മ വ്യക്തമാക്കി. ഇതൊരു സാധാരണ വീഴ്ചയല്ലെന്നും സ്‌കൂള്‍ കുട്ടികളുടെ മനസിലേക്ക് വിഘടനവാദ ചിന്തകള്‍ കുത്തിവെക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദേഹം ആരോപിച്ചു. മുംബൈ ആക്രമണത്തിലെ പ്രതികളെ പുകഴ്ത്തുകയും രാജ്യവിരുദ്ധ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്ന പുസ്തകം ഉടന്‍ നിരോധിക്കണമെന്നും, പുസ്തകം സ്‌കൂളുകളിലേക്ക് തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കിയ വിദഗ്ധ സമിതി, രചയിതാവ്, പ്രസാധകന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ നാഷണല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിന്റെ അറിവോടെയാണ് ഈ ഗൂഢാലോചന നടന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വിഷയം വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിന് വഴിവെച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പുസ്തകങ്ങള്‍ പൂര്‍ണമായി തിരിച്ചുവിളിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കി. ഈ പുസ്തകം എങ്ങനെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ അംഗീകരിക്കപ്പെട്ടു എന്നും വിതരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്നും കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വരും ദിവസങ്ങളില്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായും വിതരണവുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.