ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്ന സാഹചര്യത്തില്‍ ഇതുവഴി സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ നിന്ന് പുതിയ സര്‍വീസ് ഫീസുകള്‍ ഈടാക്കുമെന്ന് ഇറാന്‍. ചൈനയിലെ ബെയ്ജിങില്‍ നടന്ന വേള്‍ഡ് പീസ് ഫോറത്തിലാണ് ചൈനയിലെ ഇറാന്‍ അംബാസഡര്‍ അബ്ദുല്‍റസൂല്‍ റഹ്‌മാനി ഫസ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് ഒരു ടോള്‍ അല്ലെന്നും മറിച്ച് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും കപ്പലുകളുടെ ഗതാഗതം മേല്‍നോട്ടം വഹിക്കുന്നതിനും വേണ്ടിയുള്ള ഫീസാണെന്നും അദേഹം പറഞ്ഞു. വന്‍തോതിലുള്ള കപ്പല്‍ ഗതാഗതം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഈ തുക ഉപയോഗിക്കുമെന്ന് ഫസ്ലി അറിയിച്ചു.
കൂടാതെ, പ്രയാസകരമായ സമയങ്ങളില്‍ ഇറാന് ഒപ്പം നിന്ന സൗഹൃദ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് ഫീസില്‍ പ്രത്യേക പരിഗണനയും ഇളവുകളും നല്‍കുമെന്നും അദേഹം ഉറപ്പു നല്‍കി.
ലോകത്തിലെ ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ പാതയാണിത്. പശ്ചിമേഷ്യയിലെ യുദ്ധ സമയത്ത് ഇറാന്‍ ഈ പാത ഏതാണ്ട് പൂര്‍ണമായും അടച്ചിട്ടതോടെ ആഗോള ഇന്ധന വിപണിയില്‍ വന്‍ വിലക്കയറ്റം അനുഭവപ്പെട്ടിരുന്നു.
യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി പ്രാഥമിക കരാറിലെത്തിയ ശേഷമാണ് ഇറാന്‍ ഹോര്‍മുസിലെ ഉപരോധം നീക്കിയത്. നിലവില്‍ സംഘര്‍ഷത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ തുടര്‍ന്നു വരികയാണ്. ഇതിനിടയിലാണ് ഫീസ് ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കം.
വിതരണ ശൃംഖലയിലെ പുതിയ നിബന്ധനകള്‍ ഇന്ധനവിലയെ ബാധിക്കുമോ എന്ന ആശങ്ക പല രാജ്യങ്ങളും പങ്കു വെക്കുന്നു. ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാല്‍ തന്നെ സര്‍വീസ് ഫീസ് ഈടാക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ഇറാന്‍ വ്യക്തമാക്കുന്നത്.
അമേരിക്ക ഈ നീക്കത്തെ അംഗീകരിക്കുന്നില്ലെങ്കിലും തങ്ങളുടെ ഉടമസ്ഥതയിലുള്ള ജലപാതയില്‍ സുരക്ഷാ മേല്‍നോട്ടത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പണം ഈടാക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. ഒമാനുമായി സഹകരിച്ച് ജലപാതയില്‍ പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ ആരംഭിച്ചു കഴിഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ആദ്യ കരാര്‍ പ്രകാരം 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകള്‍ക്ക് സൗജന്യമായി കടന്നു പോകാന്‍ അനുവാദമുണ്ടെങ്കിലും അതിനുശേഷം എന്ത് നിബന്ധനകളാണ് നിലവില്‍ വരിക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.