ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മഹാരാഷ്ട്രയിൽ മരണം 12; മുംബൈ-പൂനെ പാതയിൽ ഗതാഗതം തടസപ്പെട്ടു

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; മഹാരാഷ്ട്രയിൽ മരണം 12; മുംബൈ-പൂനെ പാതയിൽ ഗതാഗതം തടസപ്പെട്ടു

മുംബൈ: ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മഴയിൽ മഹാരാഷ്ട്രയിൽ കെടുതികൾ രൂക്ഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ മഴക്കെടുതികളിൽ ഇതുവരെ 12 പേർ മരിച്ചു. മുംബൈ മൻഖുർദ് ജനത നഗറിൽ ഗ്രൗണ്ട്-പ്ലസ്-ത്രീ ഘടനയിലുള്ള കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ആറുപേർ മരണപ്പെട്ടു. ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ പലയിടത്തും കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.

മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ ടണലിൽ പുലർച്ചെ നാലു മണിയോടെ മണ്ണിടിച്ചിലുണ്ടായത് ഗതാഗതത്തെ സാരമായി ബാധിച്ചു. ഗതാഗതം തടസപ്പെട്ടതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ദുരന്തനിവാരണ സേന ശ്രമം തുടരുകയാണ്.

മുംബൈയിൽ ഓറഞ്ച് അലർട്ടും പൂനെയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. അടുത്ത ഏഴ് ദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൂനെ, മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി നൽകി. സർക്കാർ ഓഫീസുകൾക്ക് അവധി ബാധകമല്ല.

അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും നദികൾ, അരുവികൾ തുടങ്ങിയ അപകടകരമായ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.

രാജ്യതലസ്ഥാനമായ ഡൽഹിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയ്ക്ക് പുറമെ ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രാദേശിക ഭരണകൂടം കൂടുതൽ യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.