ന്യൂഡല്‍ഹി: പിഎം ശ്രീ പോലുള്ള വിവാദ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായ വിയോജിപ്പ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണിത്. കേന്ദ്ര ഫണ്ടുകള്‍ ലഭിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായുമുള്ള പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നാക്കം പോയെന്ന ആക്ഷേപമാണ് ഉയരുന്നത്.
പിഎം ശ്രീ പദ്ധതി പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കും പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കും വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ ഒരുവിധ വിട്ടുവീഴ്ചയും ചെയ്യരുതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സന്ദേശം പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയ വിദ്യാഭ്യാസ നയം പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള വഴിയാണ് പിഎം ശ്രീ പദ്ധതി. ഇത് സ്‌കൂള്‍ പാഠ്യ പദ്ധതിയിലേക്ക് സംഘപരിവാര്‍ പ്രത്യയശാസ്ത്രം കടന്നുവരുന്നതിന് വഴിയൊരുക്കും. കേരളത്തില്‍ അത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നാണ് പദ്ധതിയെ എതിര്‍ക്കുന്ന യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
മാത്രമല്ല, പിണറായി വിജയന്‍ സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് അനുസൃതമായി സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ 'കാവിവല്‍ക്കരണം' നടത്തിയെന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കിയിരുന്നു.
ആ നിലപാടില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യുന്നത്, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍, പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും വിശ്വാസ്യതയെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയായി മാറി.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാ പത്രത്തില്‍ ഒപ്പു വെക്കുകയും കേന്ദ്ര ഫണ്ട് കൈപ്പറ്റുകയും ചെയ്തതിനാലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനം നിര്‍ബന്ധിതരായതെന്ന് മുഖ്യമന്ത്രി വി.ഡി സതീശനും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗും അവകാശപ്പെടുന്ന സമയത്താണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.