കല്‍പ്പറ്റ: കനത്ത മഴയെത്തുടര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന വയനാട്-മേപ്പാടി തുരങ്കപാതയ്ക്ക് സമീപം മീനാക്ഷിപാലത്തുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു. കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ദുരന്തത്തില്‍ ഒമ്പത് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തുരങ്കപാതയുടെ നിര്‍മാണത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. കൂറ്റന്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി തകര്‍ത്ത് ടണ്‍ കണക്കിന് ചെളിയും മണ്ണുമാണ് ഇവര്‍ താമസിച്ചിരുന്ന താല്‍കാലിക ലയങ്ങള്‍ക്കും നിര്‍മാണ മേഖലയ്ക്കും മുകളിലേക്ക് പതിച്ചത്. കനത്ത ചെളിയും ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും എന്‍ഡിആര്‍എഫിന്റെ രണ്ട് പ്രത്യേക സംഘങ്ങള്‍ സ്ഥലത്തെത്തി മണ്ണ് നീക്കല്‍ തുടരുകയാണ്. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മേപ്പാടി എസ്‌ഐയ്ക്കും പരിക്കേറ്റിട്ടുണ്ട്.
വരും ദിവസങ്ങളിലും ജില്ലയില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഇന്ന് റെഡ് അലര്‍ട്ടും ബുധനാഴ്ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായി പ്രൊഫഷണല്‍ കോളജുകള്‍ അടക്കം ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരായ ടി. സിദ്ദിഖ്, അനില്‍കുമാര്‍ എന്നിവര്‍ വയനാട്ടിലേക്ക് തിരിച്ചു.
അതേസമയം ദുരന്തം പൂര്‍ണമായും ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നുവെന്ന സൂചന നല്‍കുന്ന രേഖകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. തുരങ്ക നിര്‍മാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണ് എത്രയും പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കില്‍ വലിയ അപകടമുണ്ടാകുമെന്ന് ഉദ്യോഗസ്ഥ സംഘം നേരത്തെ രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്.
കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ വ്യക്തമാക്കി. ഇതൊരു മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ടി. സിദ്ദിഖും ആരോപിച്ചു. ദുരന്ത മുഖത്തെ സര്‍ക്കാര്‍ നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.